
കേന്ദ്ര സർക്കാരിനെതിരെയുള്ള എൽഡിഎഫ് സമരം വെറും പ്രഹസനമാണെന്നും മോദിക്കും അമിത് ഷായ്ക്കും മുന്നിൽ മുട്ടുമടക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുറത്ത് സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും അകത്ത് ബിജെപിക്ക് ഒത്താശ ചെയ്തുകൊടുക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഈ ഇരട്ടത്താപ്പിനൊപ്പം കൂടാൻ കോൺഗ്രസ് തയ്യാറല്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും സിപിഎം ഇപ്പോൾ സഞ്ചരിക്കുന്നത് സംഘപരിവാറിന്റെ വഴിയിലൂടെയാണെന്നും സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെക്കൊണ്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. എ.കെ. ബാലന്റെ സമാനമായ പ്രസ്താവന വന്നതോടെ കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യമായി. മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശൈലിയാണ് കേരളത്തിൽ സിപിഎം പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസ് വിരുദ്ധത കോൺഗ്രസിനെ പഠിപ്പിക്കാൻ ആരും വരേണ്ടതില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.