ധനമന്ത്രി പരാജയം, ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്; സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും വി.ഡി സതീശന്‍

Jaihind Webdesk
Tuesday, January 30, 2024

തിരുവനന്തപുരം: ധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധനമന്ത്രി പരാജയമെന്നും സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ധന പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോവുന്നത്.

ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാൻ കാശില്ല, കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. കടുത്ത ധനപ്രതിസന്ധിയിലാണ് സംസ്ഥാനം. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സർക്കാരിൻ്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.