‘സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ പണം നൽകിയത് കൃത്യ സമയത്താണ്’: സർക്കാരിനെ വിമർശിച്ച് വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Wednesday, April 1, 2020

“സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ പണം നൽകിയത് കൃത്യ സമയത്താണ്..” സർക്കാരിനെ വിമർശിച്ച് വി.ഡി.സതീശന്‍ എംഎല്‍എ. കൊവിഡ് പ്രതിരോധത്തിനു വേണ്ടിയും ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായുള്ള സംഭാവനയ്ക്കായി സർക്കാർ വീണ്ടും കൈ നീട്ടുന്ന ഈ വേള അല്ലാതെ മറ്റേതാണ് ഹെലികോപ്ടർ വാങ്ങിക്കാൻ ഇതിനെക്കാൾ നല്ല സമയമെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രളയ ദുരിതാശ്വാസത്തിനായി ശേഖരിച്ച ഫണ്ട്, സംഭാവനയും ശമ്പളവും നൽകി സ്വരുക്കൂട്ടിയവരെ കബളിപ്പിച്ച് സഖാക്കൾ അടിച്ചു മാറ്റിയത് വിവാദമായിരിക്കെയാണ് രണ്ടാമതൊരു ദുരിതാശ്വാസത്തിന് കളമൊരുങ്ങുന്നത്. എന്നാല്‍ അതിനിടയിലും നേരത്തെ തീരുമാനിച്ചതും അനുമതി നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹെലിക്കോപ്റ്ററിനായി ഫണ്ട് വകമാറ്റി മുന്‍കൂര്‍ പണം നല്‍കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ പണം നൽകിയത് കൃത്യ സമയത്താണ്. ഒന്നിനും പണമില്ലാത്ത സമയത്ത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രളയ പുനർനിർമ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഒരു രൂപ പോലും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനർനിർമ്മാണത്തിന് 1780 കോടി നൽകി. അതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവന നൽകിയവരെയും ശമ്പളം നൽകിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്ട്രേറ്റിൽ 8.15 കോടി രൂപ സഖാക്കൾ അടിച്ചു മാറ്റിയത്.

ഇപ്പോൾ വീണ്ടും കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്പളത്തിനും സംഭാവനയ്ക്കുമായി സർക്കാർ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടർ വാങ്ങിക്കാൻ ഇതിനെക്കാൾ നല്ല സമയം വേറെ ഏതാണ്?