ദേശീയപാതയില്‍ വിള്ളലുള്ള 50 ല്‍ അധികം സ്ഥലങ്ങളുണ്ട്. പൊതുമരാമത്ത് മന്ത്രി എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടെയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയുമായി സർക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. വലിയ മഴ പെയ്യുന്നതോടുകൂടി വലിയവിള്ളല്‍ കാണുവാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവണ്മെന്റ് പ്രസ്സ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്റ്റിയുസി സംസ്ഥാന സമ്മേളനത്തിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുത്ത പോലെ ദേശീയപാതയുടെയും ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ദേശീയപാതയില്‍ വിള്ളല്‍ വീണതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യുപിഎ ഗവണ്മെന്റ് റൈറ്റ് ടു കോമ്പന്‍സേഷന്‍ ആക്ട് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ദേശീയ പാതയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് മികച്ച നഷ്ടപരിഹാരം ലഭിച്ചത്. അതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവനില്‍ ആര്‍എസ്എസ് നേതാവ് മുന്‍ പ്രധാനമന്ത്രിമാരെ അപമാനിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.