സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ പൊറുതിമുട്ടിക്കുന്നു; ലക്ഷണമൊത്ത ഏകാധിപതിയായി പിണറായി മാറിയെന്നും പ്രതിപക്ഷം

Jaihind Webdesk
Thursday, February 15, 2024

തിരുവനന്തപുരം:  സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് തിരിച്ച് പോകലാണ് നടത്തിയത്. വില വര്‍ധനവ് പൊതു വിപണിയില്‍ കൃതൃമമായ വിലകയറ്റം ഉണ്ടാക്കും. സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ പൊറുതിമുട്ടിക്കുന്നുവെന്നും വി ഡി. സതീശന്‍ കുറ്റപെടുത്തി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി മാറുന്നു. ഇത് നീതി ന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടവും വലവും ക്രിമിനലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇപ്പോഴും ഗണ്‍മാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടില്ല. പെണ്‍കുട്ടികളെ വരെ ഇയാള്‍ മര്‍ദ്ദിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയ പോലീസുകാരുടെ പിന്നാലെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷണമൊത്ത ഏകാധിപതിയായി പിണറായി മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. താടിയും മുണ്ടും ഹിന്ദിയും മാത്രമാണ് വ്യത്യാസം. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനോഭാവമാണ്. അന്യന്‍റെ വേദന ആസ്വദിക്കുകയാണ് മുഖ്യമന്ത്രി. പോലീസ് ഗുണ്ടകളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.