‘ഗൂഢാലോചനയില്‍ സ്പീക്കര്‍ക്കും പങ്ക്’; മന്ത്രിയുടെ ആരോപണം പച്ചക്കള്ളമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Thursday, February 26, 2026

ആലപ്പുഴ: മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന ആരോപണം പച്ചക്കള്ളമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വികാരം വഴിതിരിച്ചുവിടാനുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തെത്തിയിട്ടില്ലെന്നും, ക്രുദ്ധയായി പാഞ്ഞടുത്ത മന്ത്രിയെ തടയാന്‍ ശ്രമിച്ച വനിതാ പൊലീസുകാരുമായാണ് പിടിവലി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരുടെയും പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ കയ്യില്‍ കണ്ട പാട് തലേദിവസത്തെ പരിപാടികളിലും ഉണ്ടായിരുന്നതാണ്. ഭാഗ്യത്തിന് ആ ചിത്രങ്ങള്‍ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു, ഇല്ലായിരുന്നെങ്കില്‍ കെ.എസ്.യുക്കാര്‍ കത്തികൊണ്ട് കുത്തിയതാണെന്ന് അവര്‍ പറഞ്ഞേനെ എന്നും അദ്ദേഹം പരിഹസിച്ചു. പ്ലാറ്റ്ഫോമില്‍ വെച്ച് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു കള്ളക്കഥ ഉണ്ടാക്കിയതെന്നും ഗൂഢാലോചനയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുന്ന എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതുയുഗ യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും സി.പി.എം ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്നും ഇത് സി.പി.എമ്മിനെ അമ്പരപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി ജാഥ നിര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ അഴിമതി ആരോപിച്ച് റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ 8 മുതല്‍ 14 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നതെന്നും ഇതുവഴി ദിവസേന 20 കോടിയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.