‘അമ്പലക്കള്ളന്മാരാണ് കേരളം ഭരിക്കുന്നത്’; ആഗോള അയ്യപ്പ സംഗമത്തില്‍ കോടികളുടെ അഴിമതിയെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Saturday, February 14, 2026

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പമ്പാ തീരത്ത് നടന്ന പരിപാടിയുടെ മറവില്‍ നടന്ന കൊള്ളയില്‍ സര്‍ക്കാരിനും അന്നത്തെ ദേവസ്വം ബോര്‍ഡിനും കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ‘അമ്പലക്കള്ളന്മാരാണ് കേരളം ഭരിക്കുന്നത്’ എന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം, അഴിമതി പുറത്തായപ്പോള്‍ കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ കണക്കുകളും ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കണക്കുകളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഈ കണക്കുകളിലെ വ്യത്യാസം തന്നെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോര്‍ഡിങ്ങുകളില്‍ അയ്യപ്പന്റെ ചിത്രത്തേക്കാള്‍ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. പരിപാടിയുടെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാന്‍ അന്ന് മത്സരിച്ചവര്‍ ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്. അയ്യപ്പന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഹനാപടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവദാനത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് സംസാരിച്ചു. ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. മകളുടെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. അവരുടെ വിയോഗത്തിലും ദുഃഖത്തിലും പങ്കുചേരുന്നതായും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.