ശബരിമല സ്വർണ്ണക്കൊള്ള: ‘പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു’; ബിജെപിയെ പ്രീണിപ്പിക്കാൻ സി.പി.എം ശ്രമമെന്ന് വി.ഡി. സതീശൻ

Jaihind News Bureau
Wednesday, February 4, 2026

ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളായ സി.പി.എം നേതാക്കൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനും കേസ് തെളിവുകളില്ലാതെ അവസാനിപ്പിക്കാനുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഗൂഢാലോചനയിൽ പങ്കുള്ള മന്ത്രി വി.എൻ. വാസവൻ രാജിവെക്കണമെന്നും സ്വർണ്ണക്കവർച്ചയുടെ പിന്നിലെ ഉന്നതരിലേക്ക് അന്വേഷണം എത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കേസുമായി യാതൊരു ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നിയമസഭയിൽ അധിക്ഷേപിക്കുന്ന സർക്കാർ നിലപാടിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. “പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്?” എന്ന് ചോദിച്ച അദ്ദേഹം, ബിജെപിയെ പ്രീണിപ്പിക്കാനാണ് സി.പി.എം മന്ത്രിമാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. സി.പി.എം നേതാക്കൾ പ്രതികളായ കേസിൽ അവരെ സംരക്ഷിക്കാൻ ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്നും അതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതൃത്വത്തെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷം നടത്തുന്ന വ്യക്തിപരമായ തേജോവധത്തിനെതിരെയും സതീശൻ രംഗത്തെത്തി. അഞ്ച് മന്ത്രിമാർക്ക് സംസാരിക്കാൻ അവസരം നൽകിയപ്പോൾ അതിൽ നാലുപേരും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സമയം കണ്ടെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും, എകെജി സെന്ററിൽ നിന്നും മന്ത്രിമാരുടെ വസതികളിൽ നിന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല. സ്വർണ്ണക്കവർച്ചയുടെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുന്നത് വരെ യുഡിഎഫ് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും, അന്വേഷണത്തിലെ അട്ടിമറി കേരളം തിരിച്ചറിയുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.