ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണം; സിപിഎമ്മിന്റേത് യഥാര്‍ത്ഥ പ്രശ്‌നം മറയ്ക്കാനുള്ള ശ്രമമെന്നും വി ഡി സതീശന്‍

Jaihind News Bureau
Friday, December 26, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് ഭരണകാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന രണ്ട് പ്രമുഖ സിപിഎം നേതാക്കളാണ് സ്വര്‍ണ്ണക്കൊള്ള കേസില്‍ നിലവില്‍ ജയിലിലുള്ളത്. ഈ ഗുരുതരമായ അഴിമതിയും കൊള്ളയും മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രി ഫോട്ടോ വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോയെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രിക്കൊപ്പമുള്ള പലരുടെയും ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ടല്ലോ? അതിന്റെ പേരില്‍ മുഖ്യമന്ത്രി സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിയാണെന്ന് ഞങ്ങള്‍ പറഞ്ഞോ?’ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പാര്‍ട്ടി നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നുവെന്ന നാണക്കേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നുവെന്നും പൊലീസിനെ നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങളാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും കുടപിടിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് നിയമവിരുദ്ധമായ രീതിയില്‍ പരോള്‍ അനുവദിക്കുന്നത് ഇതിന്റെ തെളിവാണ്. മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വി ഡി സതീശന്‍ തുറന്നടിച്ചു.

സിപിഎമ്മിന് ജനങ്ങളില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിയും ക്രിമിനല്‍ സംരക്ഷണവും സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.