തിരുവനന്തപുരം: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പോലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പോലീസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. പോലീസ് ഇരയ്ക്കൊപ്പമോ അതോ വേട്ടക്കാർക്കൊപ്പമോയെന്നും അദ്ദേഹം ചോദിച്ചു. പോലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്നറിയില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.
സംഭവത്തില്‍ പോലീസ് നിസംഗരായാണ് പെരുമാറിയത്. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പോലീസിന് എന്താണ് പറ്റിയതെന്ന് അദ്ദേഹം ചോദിച്ചു.
ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പോലീസ് മറ്റൊന്നും ചെയ്തില്ല. പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാ സംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പോലീസ് നിസംഗരായി നില്‍ക്കുകയാണ്. പോലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.