‘മുകേഷിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും അത്ഭുതമൊന്നുമില്ല’; പീഡകരെ പിണറായി കൈപിടിച്ചുയര്‍ത്തുമെന്നും വി.ഡി സതീശന്‍

Jaihind News Bureau
Friday, December 5, 2025

പീഡനക്കേസില്‍ പ്രതിയായ എംഎല്‍എയുടെ രാജി പോലും ആവശ്യപ്പെടാത്ത പാര്‍ട്ടിയാണ് സിപിഎം. മുകേഷിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും അത്ഭുതമൊന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിലെ മന്ത്രിസ്ഥാനത്തിരിക്കുന്ന പല നേതാക്കളും പീഡന ആരോപണങ്ങളിലെ പ്രതികളാണ്. ഇപ്പോഴും അവരൊക്കെ സുഖിച്ചു കഴിയുകയാണ്. പ്രതികളെയൊക്കെ പിണറായി വിജയന്‍ കൈപിടിച്ചുയര്‍ത്തുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ പ്രതികള്‍ക്ക് കുടപിടിച്ചു നല്‍കുന്ന, അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ സിപിഎം നാണംകെട്ട് നില്‍ക്കുകയാണ്. ഇവരാണ് കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാണിക്കാത്ത ധീരമായ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സിപിഎമ്മിന് അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.