
സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് വെറുമൊരു പി.ആര്‍. സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം, ബി.ജെ.പി.യെ ഭയന്നാണ് ഭരിക്കുന്നത്. പിണറായി വിജയന്റെ പ്രധാന പരിപാടി ദില്ലിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ കുനിഞ്ഞു നില്‍ക്കുക എന്നതാണ്. അവര്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ ഒപ്പിടും. മുന്‍പും സി.പി.എമ്മിന് ബി.ജെ.പി.യുമായി പല പാലങ്ങളുമുണ്ടായിരുന്നു എന്നും, ബ്രിട്ടാസ് പുതിയ പാലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അവകാശവാദം ഉന്നയിക്കാന്‍ യാതൊരു അര്‍ഹതയുമില്ല എന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലും അറസ്റ്റും മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ, പ്രത്യേക അന്വേഷണ സംഘത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സി.പി.എം. നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
എല്‍.ഡി.എഫിന് ജമാഅത്ത് ഇസ്ലാമിയുമായി നേരിട്ട് ബന്ധമുണ്ട് എന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെ ഹിര സെന്ററില്‍ പോയി ജമാഅത്ത് നേതാക്കളെ കണ്ടതിന്റെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്. ‘അമീറിന്റെ കൂടെ പിണറായി ഇരിക്കുന്ന ഫോട്ടോയാണ് അതെന്നും അല്ലാതെ സോളിഡാരിറ്റി പിള്ളേരല്ല’ എന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.