മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാള്‍; മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമെന്ന് പ്രതിപക്ഷനേതാവ്

Jaihind Webdesk
Friday, December 22, 2023


മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശന്‍ പറഞ്ഞു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ടെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശന്‍ പറഞ്ഞു.

മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോള്‍ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. നവകേരളസദസില്‍ പങ്കെടുത്ത മന്ത്രിമാര്‍ കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് ഞാന്‍ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നാളെ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.