കൊച്ചി: മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്എഫ്ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിദ്ധാര്‍ത്ഥന്‍റെ മരണം ഇപ്പോഴും എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. കേരള സര്‍വകലാശാല യുവജനോത്സവത്തോടനുബന്ധിച്ച് വ്യാപകമായി കെഎസ്‌യു വിജയിച്ച കോളേജുകളിലെ യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിക്കുകയാണ്. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസും സിപിഎമ്മും തയാറായില്ലെങ്കില്‍ കെഎസ്‌യു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
“സിദ്ധാര്‍ത്ഥന്‍റെ മരണമെങ്കിലും എസ്എഫ്ഐ ക്രിമനലുകളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്. എവിടെയെല്ലാം കെഎസ്‌യു പുതുതായി ജയിച്ചിട്ടുണ്ടോ അവിടെയുള്ള എല്ലാ യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് അടിക്കുകയാണ്. ഇത് തുടരാനാണ് ഭാവമെങ്കില്‍ കെഎസ്‌യുവിന്‍റെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും. ഞങ്ങളുടെ കുട്ടികളെ എസ്എഫ്ഐയുടെ കാടത്തത്തിന് വിട്ടുകൊടുക്കാനാകില്ല. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആരുമില്ലേ? ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസും സിപിഎമ്മും തയാറായില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുക്കും” – പ്രതിപക്ഷ നേതാവ് പറഞ്ഞു.