നവകേരള സദസുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി; കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ്

നവകേരള സദസില്‍ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. ഈ സംഭവത്തിലെ ഒന്നാം പ്രതി കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കേരളത്തില്‍ നവകേരള സദസുമായി നടക്കുന്ന മുഴുവന്‍ അക്രമ സംഭവങ്ങളുടെയും ഒന്നാം പ്രതി ഈ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണെന്ന് വി.ഡി.സതീശന്‍. മറൈന്‍ ഡ്രൈവില്‍ നവകേരള സദസിനായി പങ്കെടുക്കാന്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്രൂരമായി ഈ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഞാന്‍ സി.പി.എംക്കാരനാണെന്ന് ആയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞിട്ടും മര്‍ദ്ദിച്ച് അവശനാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൊടുത്ത ധൈര്യമാണ് ക്രിമിനലുകള്‍ക്കുള്ളത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തെ മുടിഞ്ഞ തറവാടാക്കി മുഖ്യമന്ത്രി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments (0)
Add Comment