കേസുകള്‍ പിന്‍വലിക്കാത്ത പിണറായി സർക്കാർ ആർക്കൊപ്പം? മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ല: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, March 12, 2024

 

കൊച്ചി: മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിഎഎ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പൗരത്വം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിന് വിരുദ്ധമായാണ് നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യുഡിഎഫും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയുന്ന എല്‍എഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണ്.  2019-ല്‍ സിഎഎ പ്രക്ഷോഭത്തിനെതിരെ എടുത്ത 835 കേസുകളെടുത്തു. ഇതില്‍ ആക്രമണ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. അഞ്ച് വര്‍ഷമായിട്ടും കേസുകള്‍ പിന്‍വലിക്കാത്ത ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്. എന്തുകൊണ്ടാണ് കേസ് പിന്‍വലിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണം. സിഎഎ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനൊപ്പമാണോ സംസ്ഥാന സര്‍ക്കാര്‍? ഇന്നലെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണ സ്വഭാവത്തോടെയാണ് നേരിട്ടത്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയില്‍ സംശയമുള്ളതു കൊണ്ടാണ് ഒന്നിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും മുസ്‌ലിം ലീഗും സിഎഎ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം സമര പരിപാടികളും സംഘടിപ്പിക്കും. നാളെ നടക്കുന്ന കെപിസിസി നേതൃയോഗം സിഎഎ പ്രതിഷേധ പരിപാടികളും ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതായപ്പോള്‍ ഉണ്ടായ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും ഭീതിയുമുണ്ടായി. ഇവര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന്‍റെ മുന്നറിയിപ്പായാണ് സിഎഎ നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയത്തെ ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തുപോയപ്പോഴാണ് അപകടം ഉണ്ടായതെന്ന തിരിച്ചറിവ് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും മനസിലുണ്ട്. അപകടകാരികളാണെന്ന് സംഘപരിവാര്‍ തന്നെ പുരപ്പുറത്ത് കയറി പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

സിഎഎ ചട്ടം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യുവജന-വനിതാ സംഘടനകളും സമരമുഖത്തുണ്ടാകും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ സര്‍ക്കാരിന്‍റെ ശ്രമത്തെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി എതിര്‍ക്കും.

എറണാകുളം ഡിസിസി അധ്യക്ഷനെതിരെ കോടതി വിമര്‍ശനം ഉണ്ടായെന്നത് തെറ്റായ വാര്‍ത്തയാണ്. പോലീസിനെതിരെ ഡിസിസി അധ്യക്ഷന്‍ നല്‍കിയ കേസിന്‍റെ വിവിധ വശങ്ങള്‍ ചോദിച്ച് അറിയുന്നതിനിടയില്‍ മൃതദേഹം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന പോലീസ് ആരോപണം ഉണ്ടാകാന്‍ കാരണമെന്തെന്നാണ് കോടതി ചോദിച്ചത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസെടുത്തിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഡിസിസി പ്രസിഡന്‍റിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഡിസിസി പ്രസിഡന്‍റ് ഒന്നാം പ്രതിയായത് എങ്ങനെയാണെന്നുമാണ് പോലീസിനോട് കോടതി ചോദിച്ചിരിക്കുന്നത്. എന്തായാലും പൂട്ടുമെന്ന് പറഞ്ഞ പോലീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം പറയുന്നത് അനുസരിച്ച് തുള്ളുകയാണ്. ഡിസിസി അധ്യക്ഷനും മാത്യു കുഴല്‍നാടനും ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തതുകൊണ്ടാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. ഏഴായിരത്തില്‍ അധികം പേര്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോഴും നഷ്ടപരിഹാരം നല്‍കാനുള്ളത്. സമരം നടന്നില്ലായിരുന്നെങ്കില്‍ സാധാരണ സംഭവമായി മാറിയേനെ. പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ യുവാവ് മരിച്ച സംഭവത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.