‘ഒപ്പമുണ്ട് സർക്കാർ’ എന്ന പരസ്യവാചകത്തിലെ പൊള്ളത്തരം സമൂഹത്തിന് ബോധ്യപ്പെട്ടു, കുടുംബത്തിന് നീതി കിട്ടിയേ തീരൂ’

തിരുവനന്തപുരം : ആലുവയില്‍ ഭര്‍തൃവീട്ടിലെ പീഡനത്തെതുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന് നീതി കിട്ടിയേ തീരൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണ വിധേയനായ സി.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് സമരം ഒരു ദിവസം പിന്നിട്ടു. ‘ഒപ്പമുണ്ട് സർക്കാർ’ എന്ന പരസ്യ വാചകത്തിലെ പൊള്ളത്തരം പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. സി.പി.എം ബന്ധമുളളവർ എന്ത് ചെയ്താലും സംരക്ഷണം ഒരുക്കുകയാണ് സർക്കാർ. സ്ത്രീ സുരക്ഷയെ കുറിച്ച് ഒരു ഉത്കണ്ഠയും ഇല്ലാത്ത സ്ത്രീ വിരുദ്ധ സർക്കാരാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സംഭവത്തില്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന സമരം തുടരുന്നു. സിഐ സി.എല്‍ സുധീറിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെതിരെയാണ് പ്രതിഷേധം. ബെന്നി ബെഹ്നാന്‍ എം.പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരം സര്‍ക്കാരിനെതിരാക്കി മാറ്റുമെന്ന് ബെന്നി ബെഹ്നാന്‍ പറഞ്ഞു. മോഫിയയ്ക്ക് പൊലീസ് നീതി നിഷേധിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment