തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തി

Jaihind Webdesk
Saturday, April 23, 2022


തിരുവനന്തപുരം :  ഒരു ചെറുകഥ പോലും എഴുതാതെ തിരക്കഥാകൃത്താകുകയും തിരക്കഥകളുടെ രാജാവായി നിലനില്‍ക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ജോണ്‍പോളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആദ്യ തിരക്കഥയായ ‘ചാമരം’ അതുവരെ സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു പ്രണയ കഥയായിരുന്നു. പിന്നങ്ങോട്ട് മലയാള സിനിമയുടെ ജാതകം തിരുത്തിയ, ആവര്‍ത്തന വിരസതയില്ലാത്ത നൂറിലേറെ തിരക്കഥകള്‍.

എഴുത്തിന്റെ വഴിയിലെന്നോ ചെന്നുപെട്ട ഇടമാണ് സിനിമയെന്ന് ജോണ്‍ പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ മികച്ച ചിത്രങ്ങളുടെ അമരത്തായിരുന്നു എന്നും ജോണ്‍ പോളിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ജോണ്‍ പോളിന്റെ വിയോഗം ഒരു ശൂന്യതയുണ്ടാക്കും. സിനിമയുടെ വഴിയിലെ പുതു തലമുറയ്ക്ക് ജോണ്‍ പോള്‍ ഒരു പാഠപുസ്തമായിരിക്കും. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.