കാസർഗോഡ്: സംസ്ഥാനത്തെ സർവകലശാലകളിൽ യുജിസി ചട്ടം ലംഘിച്ച് വിസിമാരായവരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നിയമലംഘനം നടത്തിയത് ഭരണപക്ഷവും ഗവർണറുമാണ്. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞെന്നും സർവകലാശാലകളുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുജിസി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ എല്ലാ വൈസ് ചാന്‍സിലര്‍മാരോടും സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. നിയമവിരുദ്ധമായ വിസി നിയമനങ്ങള്‍ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ അന്ന് സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടായാണ് നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അനിശ്ചിതത്വം തുടര്‍ന്നാല്‍ കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് വര്‍ധിക്കും. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തത് പോലെ സംസ്ഥാനത്തെ ക്രമസമാധാനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തകര്‍ത്തിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അതിക്രമങ്ങള്‍ നടത്തുകയാണ്. പോലീസിനെ സിപിഎം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിമുക്തഭടനെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ച കേസില്‍ നടപടിയെടുത്ത പോലീസ് കമ്മീഷണറെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി. പരിതാപകരമായ നിലയിലേക്ക് കേരള പോലീസ് കൂപ്പുകുത്തിയിരിക്കുകയാണ്.