ക്രിമിനൽ കേസുണ്ടായാൽ അഡ്മിഷനില്ല എന്ന കേരള സർവകലാശാല ഉത്തരവിന് എതിരെ കെ.എസ്.യു രംഗത്ത്.വാർത്തകളിൽ ഇടം നേടുന്നതിനായി വളരെ വിചിത്രമായ വാദമാണ് വിസി നടത്തുന്നതെന്നും,ഭരണഘടനാ വിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഡോ. മോഹൻ കുന്നുമേലിന് മീഡിയാമാനിയയാണെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.വിചിത്ര ഉത്തരവ് അടിയന്തരമാക്കി പിൻവലിക്കണം.വിദ്യാർത്ഥി സംഘടനകളുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് പ്രസ്തുത ഉത്തരവ് പുറത്തിറക്കിയത്. സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രശ്നങ്ങൾ കാണാതെ പോകുന്ന വൈസ് ചാൻസലറുടെ പ്രയോറിറ്റികൾ മാറുകയാണ്.ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കലല്ല വൈസ് ചാൻസിലറുടെ ചുമതല.പ്രതിസന്ധികളും പ്രശ്നങ്ങളും ആസൂത്രിതമായി സൃഷ്ടിക്കുന്നതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
ക്യാമ്പസുകളിൽ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ഭാഗമായോ, മാനേജ്മെൻ്റുകളുടെ പ്രതികാര നടപടികളുടെ ഭാഗമായോ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ നേതാക്കൾ എന്ന തലത്തിൽ സമരം നയിച്ചതിൻ്റെ ഭാഗമായോ കേസുകളിൽ ഉൾപ്പെടേണ്ട സാഹചര്യം ഉണ്ടാകും. വിദ്യാർത്ഥി സമരങ്ങളുടെ ഭാഗമായി കേസുകളിൽ ഉൾപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സാഹചര്യത്തിൽ പോലും പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നൽകുന്നുണ്ട് എന്നുള്ളത് കാണാതെ പോകരുത്. വിദ്യാർത്ഥി വിരുദ്ധ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. കെ.എസ്.യു ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകളുമായി അടിയന്തരമായി വിഷയം ചർച്ച ചെയ്യണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.