Vazhoor Soman MLA passes away| വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Jaihind News Bureau
Thursday, August 21, 2025

ഇടുക്കി പീരുമേട് എംഎല്‍എയും സിപിഐ മുതിർന്ന നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പി ടിപി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാ തല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് ഹൃദായാഘാതം ഉണ്ടായത്. റവന്യൂ മന്ത്രിയുടെ വാഹനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

1952 സെപ്റ്റംബര്‍ 14-ന് കോട്ടയം ജില്ലയിലെ വാഴൂരില്‍ കുഞ്ഞുപാപ്പന്റെയും പാര്‍വതിയുടെയും മകനായി വാഴൂര്‍ സോമന്‍ ജനിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ഇടുക്കിയിലെ പീരുമേട്ടില്‍ നിന്ന് സിപിഐ ടിക്കറ്റില്‍ എംഎല്‍എ ആയി അദ്ദേഹം നിയമസഭയിലെത്തി.രാഷ്ട്രീയരംഗത്ത്, എഐഎസ്എഫ് സംസ്ഥാന നേതാവ്, 2005 മുതല്‍ 2010 വരെ ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍, 2016 മുതല്‍ 2021 വരെ കേരള സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായും ദേശീയ പ്രവര്‍ത്തക സമിതി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ല്‍ പീരുമേട് നിയോജകമണ്ഡലത്തില്‍ നിന്ന് അദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.