വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി

Jaihind Webdesk
Thursday, February 3, 2022

കോട്ടയം: മൂർഖൻ പാമ്പിനെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. വാവ സുരേഷിനെ വെന്‍റിലേറിൽ നിന്ന് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാനാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കണ്ണ് തുറക്കുകയും ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരും അദ്ദേഹം സംസാരിക്കുകയും ചെയ്തു.

തലച്ചോറിന്‍റെ പ്രവർത്തനത്തില്‍ കാര്യമായ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദം സാധാരണ നിലയിലാണ്.   എന്നാൽ ആരോഗ്യനിലയിൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ 24 മുതൽ 48 മണിക്കൂർ വരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരേണ്ടിവരും.

ഇന്നലെ വൈകിട്ട് മുതലാണ് വാവാ സുരേഷിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടത്. പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ഏറെ ആശാവഹമാണെന്ന് ഇന്ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു. എന്നാൽ മൂർഖൻ പാമ്പിന്‍റെ കടിയേറ്റതിനാൽ കൂടുതൽ നീരീക്ഷണം വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.