വാവ സുരേഷ് ആശുപത്രി വിട്ടു; രണ്ടാം ജന്മമെന്ന് പ്രതികരണം

Jaihind Webdesk
Monday, February 7, 2022

കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണ്  ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇന്ന് രാവിലെയോടെയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

ഇത് തന്‍റെ രണ്ടാം ജന്മമാണെന്ന് വാവ സുരേഷ് പ്രതികരിച്ചു. തനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചതെന്നും സുരേഷ് പറഞ്ഞു.  മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍  വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കാനായി എത്തിയിരുന്നു. അതേസമയം പാമ്പ് പിടിത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. തന്നെ പാമ്പ് പിടിക്കാൻ വിളിക്കരുത് എന്ന രീതിയില്‍  വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. നിലവിലുള്ള ഒരു രീതിയും സുരക്ഷിതമല്ലെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി.

പാമ്പു കടിയേറ്റ ഭാഗത്തെ മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്‍റിബയോട്ടിക് മരുന്ന് മാത്രമാണ് നിലവിൽ നൽകുന്നത്. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറഞ്ഞു. ആരോഗ്യവാനായെങ്കിലും 10 ദിവസമെങ്കിലും പൂർണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.