തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്‍റെ ചരിത്ര സമ്മേളനത്തിനു സാക്ഷിയായ മണ്ണ്.. വട്ടിയൂര്‍ക്കാവ്

തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചരിത്രം മാത്രമല്ല, സ്വാതന്ത്ര്യ സമര കാലത്തെ സമര വീര്യത്തിന്‍റെ ജ്വലിക്കുന്ന ഓർമകൾ നിറത്ത് നിൽക്കുന്ന ഇടം കൂടിയാണ് വട്ടിയൂർക്കാവ്. നിരോധനത്തെയും ദിവാന്‍റെ എതിർപ്പിനെയും മറികടന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്‍റെ ചരിത്ര സമ്മേളനത്തിനു സാക്ഷിയായ മണ്ണ്.. വർഷങ്ങൾക്ക് മുമ്പ് നടന്ന സമ്മേളനത്തിന്‍റെ സ്മാരകമായി ഒരു സ്മൃതിമണ്ഡപം ഇന്നും ഇവിടെ ശേഷിക്കുന്നു.

ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് സ്റ്റേറ്റ് കോൺഗ്രസിനെയും യുവജന സംഘടനയായ യൂത്ത് ലീഗിനെയും അന്നത്തെ ദിവാനായ സി.പി. രാമസ്വാമി അയ്യർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. 1938 ആഗസ്റ്റ് 26ന് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്‍റ് പട്ടം താണുപിള്ള നിയമലംഘന സമരത്തെ തുടർന്ന് അറസ്റ്റിലായി. തുടർന്ന് ഡിസംബർ നാലാം വാരം സംസ്ഥാനസമ്മേളനം വട്ടിയൂർക്കാവിൽ നടത്താൻ തീരുമാനമായി. ശേഷം തിരുവിതാംകൂർ കണ്ടത്, നമ്മുടെ പൂർവ്വികരുടെ ഉൾക്കരുത്തും പോരാട്ട വീര്യവും. തിരുവിതാംകൂറിൽ നടന്ന സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു വട്ടിയൂർക്കാവ് സമ്മേളനം.

സമ്മേളനത്തെതുടർന്ന് അറസ്റ്റും ലോക്കപ്പ് മർദ്ദനവും വ്യാപകമായി. എ.നാരായണപിള്ള, വട്ടിയൂർക്കാവ് വീരൻ എന്നുകൂടെ അറിയപ്പെടുന്ന കുഞ്ഞൻ നാടാർ, അക്കാമ്മ ചെറിയാൻ, ജി.ചന്ദ്രശേഖരൻപിള്ള, കെ.ആർ.ഇലങ്കത്ത്, പി.ടി.പുന്നൂസ്, തുടങ്ങി സ്റ്റേറ്റ് കോൺഗ്രസിന്‍റെയും യൂത്ത് ലീഗിന്‍റെയും ഒട്ടേറെ നേതാക്കൾ അറസ്റ്റിലായി. അന്ന് അവരനുഭവിച്ച കൊടിയ പീഡനങ്ങളുടെ സ്മാരകമാണ് ഈ സ്മൃതിമണ്ഡപം.

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന വട്ടിയൂർക്കാവിലെ ഒരു തലമുറക്ക് എന്നും പോരാട്ടത്തിന്‍റെ ഓർമകൾ തന്നെയാണ് ഈ മണ്ണ് സമ്മാനിക്കുന്നത്.

https://youtu.be/YEnChX-mS9U

Vattiyoorkavu Sammelanam
Comments (0)
Add Comment