‘പീരായിരി’ യുവാവിനെ കാണ്മാൻ ഇല്ല; എൽഡിഎഫ് തോറ്റതിന് പിന്നാലെ സരിനെ പരിഹസിച്ച് വസന്ത് തെങ്ങുംപള്ളി

Jaihind News Bureau
Sunday, December 14, 2025

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് പിന്നാലെ, ചാനല്‍ ചര്‍ച്ചാ മുറികളിലെ പ്രമുഖ പോരാളിയായ സരിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് തെങ്ങുംപള്ളി ഒരു പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ആവേശക്കൊടുമുടിയില്‍, എല്‍ഡിഎഫ് വിജയത്തില്‍ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച സരിനെയാണ് ഈ പോസ്റ്റ് പരിഹസിക്കുന്നത്. നിരന്തരമായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് എതിര്‍പക്ഷത്തെ ആളുകളെ പുച്ഛത്തോടെ കണ്ടിരുന്ന സരിന്‍, തോല്‍വിക്ക് ശേഷം പെട്ടെന്ന് അപ്രത്യക്ഷനായോ എന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് ചോദിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് ആവര്‍ത്തിച്ചു വാദിച്ച സരിന്‍, ഇപ്പോള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എവിടെപ്പോയി എന്നാണ് വസന്ത് തെങ്ങുംപള്ളി പരിഹാസത്തിലൂടെ അന്വേഷിക്കുന്നത്. ചാനല്‍ ചര്‍ച്ചാ മുറികളില്‍ സ്ഥിരം പോരാളികളായ ഇരുവരും തമ്മിലുള്ള മുന്‍കാല വാദപ്രതിവാദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ പോസ്റ്റിന് രാഷ്ട്രീയപരമായ ട്രോള്‍ എന്നതിലുപരി വ്യക്തിപരമായ മറുപടി എന്ന നിലയ്ക്കും പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന രാഷ്ട്രീയ ട്രോളുകളുടെ തുടര്‍ച്ചയാവുകയാണ് ഈ പോസ്റ്റും.

 

പോസ്റ്റിന്റെ പൂര്‍ണരൂപം:

”കണ്മാന്‍ ഇല്ല! ഇടയ്ക്ക് ഇടയ്ക്ക് ‘പീരായിരി’ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ‘അയ്യേ എ എസ്’ കാരനായ യുവാവിനെ കണ്മാന്‍ ഇല്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ പീരായിരി പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.”