വരുണ്‍ ഗാന്ധിയും മനേക ഗാന്ധിയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്ത്

Thursday, October 7, 2021

ന്യൂഡല്‍ഹി : മനേക ഗാന്ധിയേയും മകന്‍ വരുൺ ഗാന്ധിയേയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ  ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിർവാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. ലഖിംപുർ സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനങ്ങൾ നടത്തിയതിന് പിന്നാലെയാണ് വരുൺ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്തായെന്നതും ശ്രദ്ധേയമാണ്.

ലഖിംപുർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും വരുണ്‍ ഗാന്ധി പ്രതികരിച്ചിരുന്നു. വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിന്‍റെ നടപടി നേരത്തെ ച‍ർച്ചയായിരുന്നു. നിരപരാധികളായ കർഷകരുടെ ജീവനെടുക്കാൻ കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും കര്‍ഷകരുടെ ചോരയ്ക്ക് ഉത്തരവാദികള്‍ മറുപടി പറയണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയോട് ചുമതലയിൽ തിരിച്ചു കയറാൻ ബിജെപി നിർദേശിച്ചു. ഇതിന് പിന്നാലെ വരുണ്‍ ഗാന്ധിയും മനേകാ ഗാന്ധിയും ബിജെപി ദേശീയ നിർവ്വാഹകസമിതി അം​ഗങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായി എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.