പരിമിതികള്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ല; സ്വപ്നങ്ങള്‍ എത്തിപ്പിടിച്ച് വർഷ

Jaihind Webdesk
Tuesday, December 12, 2023

മിസിസ് ഡെഫ് ഇന്‍റർനാഷണല്‍ മത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായി ഇരുപത്തിനാലുകാരി വർഷ. അഞ്ചല്‍ സ്വദേശിയാണ് വർഷ. പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് ജീവനക്കാരി കൂടിയാണ്. എന്നാല്‍ വർഷയ്ക്ക് പരിമിതികളേറെയാണ്. ഇതുവരെ പരിമിതികള്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാണെന്നാണ് വർഷയ്ക്ക് തോന്നിയിട്ടില്ല. ഇതെല്ലാം തന്‍റെ സ്വപ്നങ്ങള്‍ക്ക് ശക്തമി കൂട്ടുന്ന ഒന്നാണെന്നാണ് കരുതുന്നത്. ചെറുപ്പം മുതല്‍ കണ്ട തന്‍റെ ഓരോ സ്വപ്നങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുകയാണ് വർഷ.

ലോക സുന്ദരിപ്പട്ടം വർഷയുടെ ഏറ്റവും വലിയ സ്വപ്നം തന്നെയായിരുന്നു. എന്നാല്‍ അത് നേടി എടുക്കാന്‍ വർഷയ്ക്ക് സാധിക്കുമോ എന്നതില്‍ സംശയമുണ്ടായിരുന്നു. ജനിക്കുന്നതിന് മുമ്പ് തന്നെ മകള്‍ക്ക് വെെകല്യമുണ്ടെന്ന് അമ്മയായ രാജിക്ക് അറിയാമായിരുന്നു. എന്നാല്‍ ഒട്ടും തന്നെ വിഷമിക്കാതെ തന്‍റെ മകളെ ചേർത്തുപിടിക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയുടെ സ്നേഹവും പിന്തുണയുമാണ് വർഷ എവിടെയും തോല്‍ക്കാതെ മുന്നോട്ടു പോയത്. ഇത്രയും ഉയരത്തിലെത്താനും അമ്മയുടെ പങ്ക് ഏറെയാണ് വർഷയുടെ ജീവിതത്തില്‍. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും വർഷയ്ക്ക് കഴിയില്ല. എന്നാല്‍ ഈ പരിമിതികളെല്ലാം മറന്ന് കലാ കായിക മത്സരങ്ങളില്‍ വർഷയെ അമ്മ പങ്കെടുപ്പിച്ചു.

ആരുടെയും മുന്നില്‍ തോല്‍ക്കാനോ അങ്ങനെയൊരു പരിമിതി ഉണ്ടെന്നോ തോന്നിക്കാത്ത വിധമാണ് അമ്മ വർഷയെ വളർത്തിയത്. അച്ഛന്‍ ഒരു  സംഗീത അധ്യാപകനാണ്. അതും വർഷയ്ക്ക് ഒരു അനുഗ്രഹമായി തന്നെ മാറി. മ്യൂസിക് കോളേജ് അധ്യാപകനായ അച്ഛന്‍ ശിവാനന്ദന്‍ നായരുടെ ശിക്ഷണവും വർഷയ്ക്ക് ലഭിച്ചു. ചെന്നെെയിലെ സ്പെഷ്യല്‍ സ്കൂളിലാണ് വർഷ രണ്ട് വയസ്സുവരെ പഠിച്ചത്. സ്പീച്ച് തെറാപ്പിയും മറ്റും അവിടെ നിന്നും നല്‍കിയിരുന്നു. വർഷയുടെ അമ്മ അധ്യാപികയാണ്. തുടർന്ന് അവിടുന്ന് അമ്മയുടെ സ്കൂളില്‍ ചേർന്ന് പഠനമാരംഭിച്ചു. അമ്മയുടെ നിർബന്ധമായിരുന്നു തന്‍റെ മകള്‍ സാധാരണ കുട്ടികളുടെ കൂടെ പഠിക്കണമെന്നുള്ളത്.

വർഷ സ്കൂളില്‍ എല്ലാ പരിപാടിയിലും പങ്കെടുക്കുമായിരുന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനവും നേടും.   പഠനത്തിലും മിടുക്കിയായിരുന്നു വർഷ. ഫാന്‍സിഡ്രസ്, നൃത്തം, ഡ്രോയിംഗ്, വീണ, മൃദംഗം, കായിക ഇനങ്ങള്ർ ഇതില്ലെല്ലാം നാഷണല്‍ വെവല്‍ വിജയി കൂടിയാണ്. കോളേജിലും എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ബാസ്കറ്റ്ബോള്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അമ്മയുടെ പിന്തുണ മാത്രമല്ല അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും വർഷയെ വിജയത്തിലേക്കെത്തിച്ചു. അമ്മയുടെ ആഗ്രഹം മകള്‍ക്ക് ഒരു സർക്കാർ ജോലി വേണമെന്നായിരുന്നു. തുടർന്ന് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നിയമനം ലഭിച്ചു. പിന്നീട് തന്‍റെ സ്വപ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയായിരുന്ന. അമ്മ കാണാതെ പേപ്പറിലും തുണികളിലുമൊക്കെ വസ്ത്രങ്ങള്‍ സ്വയം ഡിസെെന്‍ ചെയ്യുകയും റീല്‍സുകള്‍ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കെുവെക്കുകയും ചെയ്തു.

പരസ്യങ്ങളില്‍ നിന്നും മറ്റും വർഷയ്ക്ക് ഓഫറുകള്‍ വന്നു. എന്നാല്‍ ആദ്യമൊക്കെ അമ്മയക്ക് പേടിയായിരുന്നു. എന്നാല്‍ പിന്നീട് മകളുടെ ആഗ്രഹത്തിന് കൂട്ടുനിന്നു. 2021ല്‍ ആദ്യ മത്സരത്തില്‍തന്നെ മിസ് മില്ലേനിയല്‍ കേരളയായി. വർഷയുടെ വിവാഹം അഖില്‍ ചന്ദ്രനൊപ്പം കഴിഞ്ഞു. പൂർണ പിന്തുണയായിരുന്നു ഭർത്താവും കുടുംബവും നല്‍കിയത്.   തുടർന്ന് 2022ല്‍ മിസിസ് ട്രിവാന്‍ഡ്രം സെക്കന്‍ഡ് റണ്ണറപ്പും ഗോവയില്‍ നടന്ന 2023 മിസിസ് ഡെഫ്, സൌത്ത് ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നടന്ന 2023 മിസിസ് ഡെഫ് ഇന്‍റർനാഷണല്‍ സെക്കന്‍ഡ് റണ്ണറപ്പ് എന്നീ നേട്ടങ്ങള്‍ കെെവരിച്ചു. അങ്ങനെ തന്‍റെ ഓരോ സ്വപ്നങ്ങളായി വർഷ നിറവേറ്റി. തന്‍റെ നേട്ടങ്ങള്‍ തന്നെ പോലെയുള്ള കുട്ടികള്‍ക്ക് പ്രചോദനമാണെന്നാണ് വർഷ പറയുന്നത്. 2023 മിസിസ് ഡെഫ് ഇന്‍റർനാഷണല്‍ മത്സരത്തിലെ ടോപ്പ് മോഡല്‍ ഫോട്ടോജനിക്കായും തിരഞ്ഞെടുത്തു.