പ്രവാസികൾക്ക് നാടണയാൻ വർക്കല കഹാറിന്‍റെ 25 വിമാന ടിക്കറ്റുകള്‍

Jaihind News Bureau
Sunday, May 31, 2020

 

വർക്കല: പ്രവാസികൾക്ക് നാടണയാൻ മുൻ എം.എൽ.എ വർക്കല കഹാർ വിമാന ടിക്കറ്റ് നൽകുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വർക്കല പ്രവാസി കെയറിന്‍റെ  ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രക്ക് മുൻഗണനാ പട്ടികയിൽ ഇടം നേടിയവരും സാമ്പത്തിയ ശേഷിയില്ലാത്തവരെയുമാണ് ടിക്കറ്റിന് പരിഗണിക്കുന്നത്.  അർഹരായവരെ ഗൾഫിലെ പ്രവാസി കെയർ ഭാരവാഹികളാണ് തെരഞ്ഞെടുക്കുന്നതെന്നും കഹാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.എ.ഇ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലുള്ള വർക്കല നിയോജകമണ്ഡലത്തിലെ പ്രവാസികൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്നതും വർക്കല പ്രവാസി കെയറിന്റെ ആഭിമുഖ്യത്തിൽ തുടരുന്നു. ആദ്യഘട്ടത്തിൽ പത്ത് കിലോ മരുന്നുകളാണ് കൊറിയർ സർവീസ് വഴി അയച്ചത്. രണ്ടാം ഘട്ടത്തിലും പത്ത് കിലോ മരുന്നുകൾ തിങ്കളാഴ്ച അയക്കും. അതതു രാജ്യങ്ങളിലെ ഇൻകാസ്, ഒ.ഐ.സി.സി ഭാരവാഹികൾ പാഴ്സൽ വാങ്ങി വിലാസക്കാരന് എത്തിച്ചു കൊടുക്കും. ഗൾഫിലെ വിവിധ പ്രദേശങ്ങളിലായി ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം വർക്കലക്കാർക്ക് ഭക്ഷണക്കിറ്റുകളും എത്തിച്ചു നൽകി.