പ്രിയപ്പെട്ടവർക്ക് വാരിക്കോരി നല്‍കും; പാവങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ

Jaihind News Bureau
Thursday, February 20, 2025

കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

കെ വി തോമസിന്‍റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്‍റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.

‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്‍ മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്‍ സർക്കാർ ഖജനാവില്‍ കാശ് ഉണ്ടെന്ന് വ്യക്തം.