വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Jaihind Webdesk
Wednesday, December 26, 2018

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. പറവൂര്‍ മുന്‍ സി.ഐ. ക്രിസ്പിന്‍, എസ്.ഐ. ദീപക് ഉള്‍പ്പെടെ ഏഴുപേര്‍ തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചു. ഉത്തരമേഖല ഐ.ജി വിജയ് സാഖറെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പരവൂര്‍ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുകയും അറസ്റ്റിലായിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അഞ്ചാം പ്രതിയാണ് സി.ഐ. ക്രിസ്പിന്‍ സാം. ശ്രീജിത്ത് പോലീസ് ലോക്കപ്പില്‍ വച്ച് ക്രൂരമായ മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും പ്രതികളായ പോലീസുകാര്‍ ചേര്‍ന്ന് ചവിട്ടിക്കൂട്ടുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം പിടികൂടിയ ഉടനെ വീടിന് സമീപത്ത് വെച്ച് പോലീസുകാര്‍ മര്‍ദിച്ചതായി ശ്രീജിത്ത് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ആദ്യം പറഞ്ഞത്. നിലത്തേക്ക് വലിച്ചിട്ട് വയറ്റില്‍ ചവിട്ടിയെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതാണ് കടുത്ത വയറുവേദനയ്ക്ക് കാരണമായത്. കുടല്‍ അറ്റുപോകാനിടയാക്കിയതെന്നും സംഘം ചൂണ്ടിക്കാണിച്ചിരുന്നു. മര്‍ദ്ദനവും മരണകാരണമായിട്ടുണ്ട്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുവാവിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്‌ഐ ദീപകിനെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ നിയന്ത്രിച്ചിരുന്ന റൂറല്‍ എസ്പി എവി ജോര്‍ജിനെയും സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റം. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് എവി ജോര്‍ജിനെ സ്ഥലംമാറ്റിയത്.