വാണിയമ്പലം റെയില്‍വേ മേല്‍പ്പാത ഉടന്‍ പൂര്‍ത്തിയാക്കണം: പ്രിയങ്ക ഗാന്ധി എം. പി

Jaihind News Bureau
Tuesday, May 6, 2025

വാണിയമ്പലം റെയില്‍വേ മേല്‍പ്പാത അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ പദ്ധതികളുടെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

വാണിയമ്പലം റെയില്‍വേ മേല്‍പ്പാത അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് പ്രിയങ്ക ഗാന്ധി റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കിയത്. ദിവസം പതിനാല് തവണയോളം ഗേറ്റ് അടച്ചിടുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഡ്രോയിങ് അന്തിമമാക്കുന്നതിന് സമയപരിധി തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 28ലക്ഷം രൂപ അനുവദിച്ച തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തി എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു വരുന്നതായി ഉദ്യോഗസ്ഥന്മാര്‍ യോഗത്തില്‍ അറിയിച്ചു.

നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നും യോഗത്തില്‍ പ്രിയങ്കാഗാന്ധി നിര്‍ദ്ദേശം നല്‍കി. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണത്തില്‍ പ്രധാന കവാടത്തില്‍ തടസ്സമുണ്ടാവുന്ന സാഹചര്യം രൂപരേഖയില്‍ ഉണ്ടെന്നും അത് പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. പ്ലാറ്റഫോമില്‍ നിലവിലുള്ള കോച്ചുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു റെയില്‍വേ ബോര്‍ഡിന് നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി എം. പി. ആവശ്യപ്പെട്ടു.

മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിങ്ങ് സ്റ്റേഷനുകളിലെ സിഗ്‌നലിങ് പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി യോഗത്തില്‍ പറഞ്ഞു. മെമു ട്രെയിന്‍ നിലമ്പൂര്‍ വരെ നീട്ടുന്നതും നിലമ്പൂര്‍ കോട്ടയം ട്രെയിന്‍ കൊല്ലം വരെ നീട്ടുന്നതും തുവ്വൂര്‍, മേലാറ്റൂര്‍, ചെറുകര സ്റ്റോപ്പുകള്‍ അനുവദിക്കുന്നതും പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. ജനങ്ങളില്‍ നിന്ന് ലഭിച്ച നിരവധി നിവേദനങ്ങളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പ്രിയങ്ക ഗാന്ധി എം. പി. യോഗത്തില്‍ ഉന്നയിച്ചു. എപി അനില്‍ കുമാര്‍ എംഎല്‍എ, പാലക്കാട് ഡിവിഷണല്‍ അഡിഷണല്‍ റെയില്‍വേ മാനേജര്‍ എം. ജയകൃഷ്ണന്‍, തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.