വനിതാ മതിൽ : പണപ്പിരിവ്, ഭീഷണി, പ്രലോഭനം; ആളെക്കൂട്ടാന്‍ സര്‍വ്വ അടവും പയറ്റും

വനിതാ മതിലിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിക്കുന്നതിന് പുറമെ പണപ്പിരിവും വ്യാപകം. ഭീഷണിക്ക് വഴങ്ങാത്തവർക്ക് ഒരു ദിവസത്തെകൂലി വാഗ്ദാനം ചെയ്ത് പ്രലോഭനവുമായും ഇടത് നേതാക്കൾ രംഗത്തിറങ്ങിയിരിക്കുകയാണ്

കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് വനിതാമതിലിന് നേരെ മുഖം തിരിച്ച് നിൽക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വരുതിയിലാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഇടത് നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര താലൂക്കുകളിലാണ് ഏറെയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ വീടുകയറിയാണ് സ്വാധീനിക്കാൻ ശ്രമം നടത്തുന്നത്.തൊഴിലുറപ്പ് തൊഴിലാളികൾ മതിലിൽ അണിനിരക്കുന്നതിനൊപ്പം 100 മുതൽ 500 രൂപ വരെ നൽകണമെന്നാണ് നേതാക്കളുടെ ഭീഷണിയത്രേ.

പങ്കെടുക്കുന്നില്ലെങ്കിലും പിരിവ് നിർബന്ധമായ് നൽകണമെന്നും അല്ലാത്തവരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് വരെ ഭീഷണി ഉള്ളതായ് തൊഴിലാളികൾ പറയുന്നു. തൊഴിൽ നഷ്ടപ്പെടുമെന്ന ഭയത്താൽ ക്യാമറയുടെ മുന്നിൽ വരാൻ പോലും ഭൂരിഭാഗത്തിന്നും ഭയമാണ്. ഭീഷണിക്ക് വഴങ്ങാത്തവരെ പ്രലോഭിപ്പിക്കാനാണ് ചിലരുടെ ശ്രമം. മതിൽ സംഘടിപ്പിക്കുന്ന ദിവസത്തേതടക്കം കൂലി നൽകാമെന്നതാണ് പ്രലോഭനങ്ങളിലൊന്ന്. ആരെയും നിർബന്ധിച്ചിറക്കില്ലെന്നും നിർബന്ധിത പിരിവില്ലെന്നും മുഖ്യമന്ത്രിയും സർക്കാരും cpm നേതാക്കളും ആവർത്തിച്ച് പറയുമ്പോൾ തന്നെയാണ് പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ പ്രലോഭിപ്പിച്ചും നിർബന്ധിച്ചും മതിലിൽ ചേർക്കാൻ ജനപ്രതിനിധികളെ ഉപയോഗിച്ചുള്ള നേതാക്കളുടെ ശ്രമം.

VanithaMathil
Comments (0)
Add Comment