ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ. എസ്‌സി, എസ്‌ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനഃരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതേവിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. എസ്‌സി, എസ്‌ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനഃരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേസിലെ പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവ് സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നുമാണ് അപ്പീലിൽ സർക്കാർ പറഞ്ഞിരിക്കുന്നത്.
കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പോലീസിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നിരുന്നു. 2021 ജൂൺ 30 നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.