ഡോ. വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്; ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയില്‍ മാതാപിതാക്കള്‍

Friday, May 10, 2024

 

കോട്ടയം: വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരാണ്ടിനിപ്പുറവും മായാത്ത ഓര്‍മ്മകളുമായി മലയാളികളുടെ മനസില്‍ വേദനയോടെ തിങ്ങി നില്‍ക്കുകയാണ് വന്ദന. അച്ഛന്‍റെയും അമ്മയുടെയും ഏക മകള്‍. ഒരുപാട് സ്വപ്‌നങ്ങളുമായിട്ടാണ് വന്ദന എംബിബിഎസ് നേടിയത്. ഹൗസ് സര്‍ജനായിരുന്ന വന്ദന ദാസ് സ്യൂട്ടിക്കിടയിലാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. ഏകമകളുടെ വിയോഗത്തിലെ കണ്ണീരോര്‍മ്മകളില്‍ നിന്നും മാതാപിതാക്കള്‍ ഇപ്പോഴും മോചിതരായിട്ടില്ല.

കഴിഞ്ഞ വര്‍ഷം മേയ് 9ന് പതിവു പോലെ വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തി. പുലര്‍ച്ചെ നാലരയോടെയാണ് പോലീസുകാര്‍ ലഹരിക്കടിമയായ സന്ദീപിനെ ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. തുടര്‍ന്ന് മേയ് പത്തിന് ഏഴു മണിയോടുകൂടി മോഹന്‍ദാസിന്‍റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഡോ. വന്ദയ്ക്ക് അപകടം പറ്റിയെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തണമെന്നുമായിരുന്നു കോളില്‍ പറഞ്ഞത്. വന്ദനയുടെ മാതാപിക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തി. അവരെ നേരെ കൊണ്ടുപോയത് മോര്‍ച്ചറിയിലേക്കായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് വന്ന പ്രതി മുറിവ് തുന്നിക്കെട്ടുന്നതിനിടെ പ്രകാപിതനാവുകയും മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു അധികൃതര്‍ വിശദീകരിച്ചത്. ആറ് തവണയാണ് പ്രതി വന്ദനയെ കുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ പോലീസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിയെ പിടിച്ചുമാറ്റി.

തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും മറ്റും നടത്തിയ പ്രതിഷേധങ്ങളാണ് കേരളക്കരയാകെ കണ്ടു നിന്നത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വന്ദനയുടെ കുടുംബം മുന്നോട്ട് എത്തി. എന്നാല്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം എതിര്‍ത്തു. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കാമെന്നായിരുന്നു ഉറപ്പ് നല്‍കിയതെങ്കിലും വാക്ക് പാലിച്ചില്ല. വന്‍ ജനാവലിയായിരുന്നു വന്ദനയെ അവസാനമായി കാണാന്‍ എത്തിയത്. മലയാളികളുടെ മനസിലെ ഒരിക്കലും അവസാനിക്കാത്ത നോവോര്‍മയായി ഇന്നും വന്ദന ദാസ് നിലനില്‍ക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയും മകളെ കുറിച്ചുള്ള സങ്കടഭാരവും ഉള്ളിലേറ്റി ഇന്നും മാതാപിതാക്കള്‍ ജീവിക്കുകയാണ്.