‘വന്ദേ മാതരം’ കോൺഗ്രസിന്‍റെ സംഭാവന; നെഹ്‌റുവിനെ ലക്ഷ്യമിടുന്നത് ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്: ഖാർഗെ

Jaihind News Bureau
Tuesday, December 9, 2025

രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍, ‘വന്ദേ മാതരം’ എന്ന മുദ്രാവാക്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയാക്കിയതും സമ്മേളനങ്ങളില്‍ അത് ആലപിക്കുന്ന പാരമ്പര്യം ആരംഭിച്ചതും കോണ്‍ഗ്രസാണെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വന്ദേമാതരത്തെ സംബന്ധിച്ച നിലവിലെ ചര്‍ച്ചകള്‍ ആരംഭിച്ചത് തങ്ങളാണോ എന്ന് ഭരണകക്ഷി ബെഞ്ചിനെ് അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി, ജവഹര്‍ലാല്‍ നെഹ്റുവിനെ അപമാനിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്നും, നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗാനത്തിലെ പ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന പ്രധാനമന്ത്രിയുടെ ആരോപണം വസ്തുതാപരമല്ലെന്നും ഖാര്‍ഗെ പറഞ്ഞു.

1937-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി പാസാക്കിയ ഒരു പ്രമേയത്തെക്കുറിച്ച് ഖാര്‍ഗെ വിശദീകരിച്ചു. ദേശീയ പരിപാടികളില്‍ ‘വന്ദേ മാതരം’ ഗാനത്തിലെ ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ മാത്രമേ ആലപിക്കാവൂ എന്ന് ശുപാര്‍ശ ചെയ്യുന്നതായിരുന്നു ഈ പ്രമേയം. ഈ നിര്‍ണായക തീരുമാനമെടുത്ത പ്രവര്‍ത്തക സമിതിയില്‍ നെഹ്റുവിനൊപ്പം മഹാത്മാഗാന്ധി, മൗലാനാ അബ്ദുല്‍ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ അംഗങ്ങളും ഉണ്ടായിരുന്നു. അതിനാല്‍, നെഹ്റുവിനെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നും, നെഹ്റുവിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അസാധ്യമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കൂടാതെ, വരാനിരിക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ‘വന്ദേ മാതരം’ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചരിത്രപരമായ സാഹചര്യങ്ങളെ ഭരണകക്ഷിയുമായി താരതമ്യം ചെയ്തുകൊണ്ട് ഖാര്‍ഗെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. 1921-ല്‍ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികള്‍ ‘വന്ദേ മാതരം’ ആലപിച്ച് ജയിലിലേക്ക് പോവുകയായിരുന്നു. എന്നാല്‍, ഈ സമയത്ത് ഭരണകക്ഷിയിലുള്ളവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നെഹ്റുവിനെ മാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഖാര്‍ഗെ തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് ചോദിച്ചു.