താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമാണ് ഇപ്പോള്‍ കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തന്റെ ഒന്‍പത് വയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന്, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യകേരളം നമ്പര്‍ വണ്‍ എന്ന് വീമ്പടിക്കുന്ന മുഖ്യമന്ത്രി ഇവിടെയും മൗന വ്രതത്തിലാണ്. ഡോക്ടര്‍ക്ക് നേരെയുണ്ടായത് തികച്ചും അപലപനീയമെന്ന് പ്രതികരിച്ചുകൊണ്ട് ആരോഗ്യമന്ത്രിയുടേയും ഉത്തരവാദിത്തം കഴിഞ്ഞ മട്ടാണ്. ഡോക്ടര്‍മാരുടെ സുരക്ഷാ കാര്യങ്ങളും ആരോഗ്യ വകു്പപില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി അറിയേണ്ടതുണ്ട്. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മിന്നല്‍ പണിമുടക്ക് നടത്തുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി തള്ളി കളയാനാകില്ലെന്നും സര്‍ക്കാരും ആരോഗ്യ വകുപ്പും മനസിലാക്കണം.
2023-ല്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നത് വലിയ വിവാദമായിരുന്നു. അതിനുശേഷം, സംസ്ഥാനത്തെ ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടാത്തതാണ് താമരശ്ശേരിയിലെ ആക്രമണത്തിന് വഴിവെച്ചതെന്നും, ആരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിപ്പോയെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുകയും രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. മുന്‍പ് സമാനമായ സംഭവങ്ങള്‍ നടന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു.