ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് ശവകുടീരം നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ ശവകുടീരം തകര്‍ത്തു. തിങ്കളാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം പ്രദേശത്ത് വന്‍ പോലീസ് സേനയെ വിന്യസിച്ചു. തര്‍ക്കസ്ഥലത്തിന് ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു.
അബു നഗര്‍, റെഡിയ പ്രദേശത്തെ നവാബ് നവാബ് അബ്ദുസ് സമദിന്റെ ശവകുടീരത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ദേശീയ സ്വത്ത് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ സ്ഥലം, ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ശിവ ക്ഷേത്രമാണെന്ന് മഠ് മന്ദിര്‍ സംരക്ഷണ സംഘര്‍ഷ് സമിതിയും ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് ഹിന്ദു സംഘടനകളും അവകാശപ്പെട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, കാവിക്കൊടികളുമായി എത്തിയ ഒരു കൂട്ടം ആളുകള്‍ ശവകുടീരത്തിന് ചുറ്റും ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നത് കാണാം.
നവാബ് അബ്ദുസ് സമദിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രമായിരുന്നുവെന്നും അതു തകര്‍ക്കപ്പെട്ടെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് മുഖ്ലാല്‍ പാല്‍ ആരോപിച്ചു. ഇതോടെയാണ് വിവാദം രൂക്ഷമായത്. കെട്ടിടഘടനയ്ക്കുള്ളില്‍ താമരപ്പൂവിന്റെയും ത്രിശൂലത്തിന്റെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇത് ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ ശവകുടീര വളപ്പില്‍ അതിക്രമിച്ച് കയറി ശവകുടീരത്തിന് പുറത്തുള്ള പ്രദേശം തകര്‍ക്കുകയായിരുന്നു. ഇന്ന് ഇവിടെ പൂജ നടത്താനും ഇവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
‘ഞങ്ങളുടെ ക്ഷേത്രം പള്ളിയാക്കി മാറ്റി. ഞങ്ങള്‍ ഇത് സഹിക്കില്ല. താമരപ്പൂക്കളും ത്രിശൂലവും പോലുള്ള വ്യക്തമായ ക്ഷേത്ര അടയാളങ്ങളുണ്ട്. എന്ത് വില കൊടുത്തും ഞങ്ങള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും,’ മുഖ്ലാല്‍ പാല്‍ പറഞ്ഞു.
ഇതൊരു ക്ഷേത്രമായിരുന്നുവെന്ന് ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെന്നും ആരാധനയില്‍ നിന്ന് തടഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബജ്റംഗ്ദള്‍ ജില്ലാ സഹ കണ്‍വീനര്‍ ധര്‍മ്മേന്ദ്ര സിംഗും ശവകുടീരത്തില്‍ പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാന വൈസ് പ്രസിഡന്റ് വീരേന്ദ്ര പാണ്ഡെയും ഇത് ഭോലേനാഥിന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്ന് അവകാശപ്പെട്ടു.
അതേസമയം, ചരിത്രത്തെയും സാമുദായിക സൗഹാര്‍ദ്ദത്തെയും തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് നാഷണല്‍ ഉലമാ കൗണ്‍സില്‍ ദേശീയ സെക്രട്ടറി മോ നസീം ശക്തമായി അപലപിച്ചു. ‘ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരമാണ്, അതിനുള്ളില്‍ ഖബറുകളുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഈ സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പള്ളികളുടെയും ശവകുടീരങ്ങളുടെയും അടിയില്‍ നമ്മള്‍ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ തിരയാന്‍ പോവുകയാണോ?’ അദ്ദേഹം ചോദിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ ഭരണകൂടം സ്ഥലത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തര്‍ക്കപ്രദേശത്തേക്ക് ആരേയും കടത്തിവിടുന്നില്ല. ദേശീയ സ്വത്തെന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.