ട്രഷറി തട്ടിപ്പ്: ബിജുലാല്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവും ഇടത് സൈബര്‍ പോരാളിയും; തട്ടിപ്പ് കേസില്‍ മുന്‍പും ഉള്‍പ്പെട്ടു

Jaihind News Bureau
Sunday, August 2, 2020

 

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയില്‍ നിന്നും 2 കോടി രൂപ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്‍റ്  കെ.ആർ ബിജുലാല്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവും ഇടത് സൈബര്‍ പോരാളിയും.തട്ടിപ്പ് കേസില്‍ ഇയാള്‍ മുന്‍പും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് നടപടികളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. 2007ല്‍ ജില്ലാ ട്രഷറിയില്‍ നടന്ന പണം തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സംഘടന നേതാക്കള്‍ ഇടപെട്ട് ബിജുലാലിന്‍റെ പങ്ക് അനേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

അതേസമയം ആദിവാസി ക്ഷേമത്തിനും ദുരിതാശ്വാസപ്രവർത്തനത്തിനും കളക്ടറുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന തുകയില്‍ നിന്നുമാണ് ബിജുലാല്‍ 2 കോടി തട്ടിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.ബിജുലാലില്‍ നിന്നും തുക തിരിച്ച് അടപ്പിച്ച് പ്രശ്നം പരിഹരിക്കാനും നീക്കം നടന്നിരുന്നുവെന്നാണ് വിവരം. കളക്ടറുടെ സ്പെഷ്യല്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും തുട  ഇയാളുടെ ട്രഷറി സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതില്‍ നിന്നും 61.23 ലക്ഷം രൂപ സ്വകാര്യ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഹയർ സെക്കന്‍ഡറി അധ്യാപികയായ ഭാര്യയുടെ അക്കൗണ്ടിലേക്കും തുക മാറ്റി. ഇരുവരുടേയും അക്കൗണ്ടുകള്‍ പിന്നീട് മരവിപ്പിച്ചു.

സബ് ട്രഷറി ഓഫീസറായിരുന്ന വി.ഭാസ്കരന്‍റെ പാസ്വേഡ് ഉപയാേഗിച്ചാണ് ബിജുലാല്‍ പണം തട്ടിയത്. വി.ഭാസ്കരന്‍ ഈ വർഷം മെയ് 31ന് സർവീസിൽനിന്ന് വിരമിച്ചു. അതിന് രണ്ടുമാസം മുമ്പ് അദ്ദേഹം വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഈ ദിവസങ്ങളില്‍ ഇദ്ദേഹത്തിന്‍റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കളക്‌ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ ബിജുലാല്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

ജില്ലാ കളക്‌ടറുടെ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ ഇടപാടിന്‍റെ വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് സീനിയർ അക്കൗണ്ടന്‍റ് ഡിലീറ്റ് ചെയ്തു. എന്നാൽ, പണം കൈമാറ്റത്തിനുള്ള ‘ഡേ ബുക്കി’ൽ രണ്ട് കോടിയുടെ വ്യത്യാസം കാണപ്പെട്ടു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് ഡേ ബുക് സമർപ്പിക്കാനായില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.