ആലപ്പുഴ: വള്ളികുന്നം മേഖലയിലെ സിപിഐയില്‍ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ശൂരനാട് സമര നേതാവായിരുന്ന പനത്താഴ രാഘവന്റെയും ആദ്യകാല വനിതാ നേതാവ് കരുണാമണിയമ്മയുടെയും മകനും, ചാരുംമൂട് മണ്ഡലം കമ്മറ്റി അംഗവുമായ സലിം കുമാര്‍ പനത്താഴ പാര്‍ട്ടി വിടുന്നു.
പാര്‍ട്ടിയുടെ മൂല്യം തകര്‍ക്കുന്ന തരത്തില്‍ നിലവിലെ ജില്ലാ കമ്മറ്റി നേതൃത്വത്തിനെതിരെയും പുതിയ തലമുറയിലെ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സലിം കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.
വള്ളികുന്നം പ്രദേശത്തെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. രാത്രിയുടെ മറവില്‍ അനാശാസ്യം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പാര്‍ട്ടിയ്ക്ക് പ്രദേശത്ത് കളങ്കം വരുത്തുന്നത് സലിം കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ കമ്മറ്റികളില്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്ന്, ആരോപണവിധേയരായ ആളുകളും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് അഭിപ്രായം പറഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസുകള്‍ അച്ചടിച്ചിറക്കുകയും ഇത് പാര്‍ട്ടിയില്‍ വലിയ ഭിന്നതയ്ക്ക് കാരണമാകുകയും ചെയ്തു.
പൊലീസ് കേസുകളില്‍ ഉള്പ്പെട്ടവരെത്തന്നെ വീണ്ടും നേതൃത്വ സ്ഥാനത്ത് എത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ഇരുപതോളം വരുന്ന ആദ്യകാല പ്രവര്‍ത്തകരുടെ പിന്‍തലമുറയില്‍പ്പെട്ട പ്രവര്‍ത്തകരും ഇദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് സൂചന. സലിം കുമാര്‍ നിലവില്‍ ചാരുംമൂട് മണ്ഡലം കമ്മറ്റി അംഗവും അഖിലേന്ത്യ കിസാന്‍ സഭ മണ്ഡലം പ്രസിഡന്റും ആണ്.
സലിം കുമാറിന്റെ പിതാവ് പനത്താഴ രാഘവന് ശൂരനാട് സംഭവത്തില്‍ പിടിക്കപ്പെടാത്ത ഏക പിടികിട്ടാപ്പുള്ളി ആയിരുന്നു. അദ്ദേഹം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ തോപ്പില്‍ ഭാസിക്കൊപ്പം ശൂരനാട് കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. സലിം കുമാറിന്റെ അമ്മ കരുണാമണിയമ്മ ആദ്യകാല കമ്മ്യൂണിസ്റ്റ് വനിതാ നേതാവാണ്. ഈ ചരിത്ര പശ്ചാത്തലമുള്ള കുടുംബാംഗം പാര്‍ട്ടി വിടുന്നത് സിപിഐയ്ക്ക് വലിയ തിരിച്ചടിയാണ്.