ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

Jaihind News Bureau
Thursday, January 7, 2021

 

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി.  സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.   തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാതെ ഓഫീസിൽ നിവേദനം നൽകി കുടുംബത്തിന് മടങ്ങേണ്ടി വന്നു.

നീതി ഉറപ്പാക്കുമെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചാണ് ഇത് വരെ മുന്നോട്ട് പോയത്. എന്നാൽ യാഥാർത്ഥ പ്രതികൾ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന സർക്കാരിന്‍റെ അന്വേഷണം ദയനീയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടികളുടെ കുടുംബത്തിന് പക്ഷെ മുഖ്യമന്ത്രിയെ കാണാനായില്ല. പകരം ഓഫീസിൽ നിവേദനം നൽകി മടങ്ങി.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രവീൺ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കണമെന്നും മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. എന്നാൽ കേസില്‍ പൊലീസ് തുടർഅന്വേഷണം നടത്തുന്നതിൽ വിശ്വാസമില്ലെന്നാണ്  പെൺകുട്ടികളുടെ മാതാപിതാക്കളുടെ പ്രതികരണം.

പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണത്തിൽ പൊലീസിന്‍റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ വെറുതെവിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈമാസം 20 ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.