
സിപിഎമ്മിന് കനത്ത തിരിച്ചടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മുട്ടട വാര്‍ഡില്‍ നിന്ന് വൈഷ്ണ മത്സരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.
സംഭവത്തില്‍ സിപിഎമ്മിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണിതെന്നും വ്യക്തമാക്കിയിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ രംഗത്ത് വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷനെയും കോടതി വിമര്‍ശിച്ചിരുന്നു. കോര്‍പ്പറേഷന് എന്താണ് ഇതില്‍ കാര്യമെന്നും അനാവശ്യമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ ശരിയായ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20-നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം നേരിട്ട് ഹിയറിംഗ് നടത്തി. വൈഷ്ണ സുരേഷ്, പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ്, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹിയറിംഗില്‍ പങ്കെടുത്തു. താന്‍ മുട്ടട വാര്‍ഡിലെ താമസക്കാരിയാണെന്നും ഔദ്യോഗിക രേഖകളിലെ വിലാസത്തിലാണ് വോട്ടിന് അപേക്ഷിച്ചതെന്നും വൈഷ്ണ കമ്മീഷനെ അറിയിച്ചു. എന്നാല്‍, ഏഴ് വര്‍ഷമായി താമസിക്കാത്ത വിലാസമാണ് വൈഷ്ണ നല്‍കിയതെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഉറച്ചുനിന്നു. കോര്‍പ്പറേഷന്‍ അധികൃതര്‍ വോട്ട് വെട്ടിയ നടപടിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.
തോല്‍വി മണത്തപ്പോഴാണ്, ഒരു യുവ സ്ഥാനാര്‍ത്ഥിയെ ഭയന്ന് സിപിഎം ഇത്തരമൊരു ഹീനമായ നീക്കത്തിന് തുനിഞ്ഞത്. സിപിഎമ്മിന്റെ കോട്ടയെന്ന് അവര്‍ അവകാശപ്പെടുന്നിടത്ത്, ഒരു സാധാരണ വോട്ടറെ പോലും സ്വാധീനിച്ച്, വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യിക്കാന്‍ ശ്രമിച്ചതിലൂടെ, ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള അവരുടെ നിഗൂഢ ശ്രമമാണ് ഇവിടെ വ്യക്തമാകുന്നത്.