
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വൈഷ്ണ സുരേഷിനെ മുട്ടടയില്‍ നിര്‍ത്തി പ്രചാരണവുമായി കോണ്‍ഗ്രസ് സജീവമാകുന്നതിനിടെയാണ് സിപിഎമ്മിന് ഭയം തുടങ്ങുന്നത്.
വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേര് ഇല്ലെന്ന് ആരോപിച്ചു സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. വൈഷ്ണയുടെ പേര് പട്ടികയില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
തുടക്കം മുതല്‍ വൈഷ്ണ പ്രചാരണ രംഗത്ത് വളരെ മുന്നില്‍ ആണ്. ഇത് സിപിഎമ്മിന് വലിയ തലവേദന ആയിരുന്നു ഉണ്ടാക്കിയത്. ഇതിന് പിന്നാലെ പല ആരോപണങ്ങളുമായി സിപിഎം രംഗത്ത് വന്നു. ഏറ്റവും ഒടുവിലാണ് ഇത്തരമൊരു പരാതി എത്തുന്നത്. പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട് എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അത് കേവലം ആരോപണം മാത്രമല്ല, യഥാര്‍ഥ്യമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം പരാജയഭീതിയിലാണ് എന്ന് ചുരുക്കം.