നൂറ്റാണ്ടിന്‍റെ സമരശോഭ; വൈക്കം സത്യഗ്രഹത്തിന് ഇന്ന് 100 വയസ്

Jaihind Webdesk
Thursday, March 30, 2023

 

തൊട്ടുകൂടായ്മയുടെയും ജാതിചിന്തകളുടെയും വാലായ്മകളെ കായലാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈക്കം സത്യഗ്രഹത്തിന്‍റെ പോരാട്ടവീര്യം തുളുമ്പുന്ന ഓർമകള്‍ക്ക് ഇന്ന് 100 വയസ്. വൈക്കത്തെ ക്ഷേത്രവഴികൾ എല്ലാ മനുഷ്യർക്കും തുറന്നുകൊടുക്കുന്നതിന് ഭരണകൂടം വിസമ്മതിച്ചതാണ് സത്യഗ്രഹത്തിലേക്ക് നയിച്ചത്. വർത്തമാന കാലത്തിലും സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് വോത്ഥാന ചരിത്രത്തിലെ സുവർണ്ണ ഏടായ വൈക്കം സത്യഗ്രഹം.

ചരിത്രത്തിന്‍റെ താളുകൾ മറിക്കുമ്പോൾ ഇന്നും മലയാളിയുടെ തലകുനിയുന്ന അധ്യായങ്ങളാണ് അടിമത്തവും അയിത്തവും. അയിത്തത്തിനെതിരേ രാജ്യത്തെത്തന്നെ ഏറ്റവും വലിയ സംഘടിതപ്രക്ഷോഭത്തിന് മണ്ണൊരുങ്ങിയത് കേരളത്തിലാണ്. കേരളത്തിന്‍റെ നവോത്ഥാനപ്രക്രിയക്ക് ഊർജം പകർന്ന വൈക്കം സത്യഗ്രഹമെന്ന ആ മഹാപ്രക്ഷോഭത്തിന് ഇന്ന് ഒരു നൂറ്റാണ്ട് തികയുമ്പോഴും മനുഷ്യൻ മനുഷ്യനെ തന്നെ വേറിട്ടു കാണാൻ ഇടവരുത്തിയ ജാതി വിവേചനം ഇന്നും ചരിത്രത്തിലെ കളങ്കപ്പാടാണ്. ഈ ജാതീയ അനീതിക്കെതിരെയായിരുന്നു 1924 മാർച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. 603 ദിവസങ്ങൾ ഈ ജനകീയ പ്രക്ഷോഭം നീണ്ടുനിന്നു. ടി.കെ മാധവൻ ഗാന്ധിജിക്ക് മുമ്പാകെ വിഷയം എത്തിച്ചതോടെ കോൺഗ്രസിനോട് സമരം ഏറ്റെടുക്കാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു.

സമരത്തിന് ആശീർവാദം നൽകാൻ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും എത്തി. ശ്രീനാരായണഗുരുവിന്റെ ആശീർവാദവും ലഭിച്ചു. ശ്രീനാരായണഗുരുവിന്‍റെ ശിഷ്യനും കോൺഗ്രസ് നേതാവുമായ ടി.കെ മാധവൻ 1923-ൽ കാക്കിനഡയിൽനടന്ന എഐസിസി യോഗത്തിൽ വിഷയം അവതരിപ്പിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കെ.പി കേശവമേനോൻ, കെ കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരും ടി.കെ മാധവൻ, വേലായുധമേനോൻ തുടങ്ങിയവരേയും ചേർത്ത് കോൺഗ്രസ് ഒരു കമ്മിറ്റിയുണ്ടാക്കുകയും വഴിനടക്കാനുള്ള അവകാശത്തിനായി സത്യഗ്രഹം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. 1924 മാർച്ച് 30 ന് നിയമലംഘനത്തിനുള്ള ആദ്യ സംഘം ഒരുങ്ങി. പുലയസമുദായക്കാരനായ കുഞ്ഞാപ്പിയും ഈഴവവിഭാഗത്തിലെ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമായിരുന്നു ആദ്യ ഊഴക്കാർ. ഇവരെ പോലീസ് അറസ്റ്റുചെയ്തു. തുടർന്ന് ഘട്ടംഘട്ടമായി ഓരോ നേതാക്കളും നിയമംലംഘിച്ച് അറസ്റ്റുവരിച്ചു. 603 ദിവസമാണ് ഈ സമര പരമ്പര നീണ്ടത്.

ചെറിയ പീഡനങ്ങളൊന്നുമായിരുന്നില്ല സത്യഗ്രഹികൾ ഏറ്റുവാങ്ങിയത്. നിയമം ലംഘിച്ചവരെ മുഴുവൻ തല്ലിച്ചതച്ചെങ്കിലും അതുകൊണ്ടൊന്നും സമരത്തിന്‍റെ വീര്യം തെല്ലും കുറഞ്ഞില്ല. കേരളം പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത സംഘബോധമാണ് അയിത്തത്തിനെതിരേ അന്നുയർന്നത്. സത്യഗ്രഹത്തിന്‍റെ ഗതി മാറ്റിക്കൊണ്ട് തമിഴ്നാട്ടിൽനിന്ന് ദ്രാവിഡനേതാവ് പെരിയോർ രാമസ്വാമി നായ്കർ എത്തി. മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധിവരുത്തുമെന്ന് കരുതുന്നവരെ ശുദ്ധിയിൽ തുടരാൻ ഇനി അനുവദിക്കരുത് എന്ന ശ്രീനാരായണഗുരുവിന്‍റെ പ്രസ്താവന സമരാഗ്നി ആളിക്കത്തിച്ചു. ഇതിനിടയിലാണ് സമരത്തിന് നിർണായകമായ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് നായർ സർവീസ് സൊസൈറ്റി നായകൻ മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ സവർണ്ണ ജാഥ പുറപ്പെട്ടത്. എൻഎസ്എസിന്‍റെ മറ്റൊരു നേതാവ് ചങ്ങനാശേരി പരമേശ്വരൻപിള്ള അന്നത്തെ റാണി സേതുലക്ഷ്മിഭായിയെ കണ്ട് 20,000 സവർണ്ണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടവും നൽകി. ഇതുകൂടി കഴിഞ്ഞതോടെ പ്രക്ഷോഭത്തിന് ജനകീയമുഖം വന്നു. ഏപ്രിൽ ഏഴിന് കേശവമേനോനെയും ടി.കെ മാധവനെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതോടെ സമരം ദേശീയശ്രദ്ധനേടി.

ഗാന്ധിജി വീണ്ടും വൈക്കത്തെത്തി ക്ഷേത്ര ഊരാളൻ ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായും സമരനേതാക്കളുമായും സംസാരിച്ചു. ജാതിമതഭേദമില്ലാതെ സമരത്തിനുലഭിച്ച പിന്തുണ സവർണപ്രഭുക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. വൈകാതെ വൈക്കം ക്ഷേത്രത്തിന്‍റെ വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ ഇണ്ടംതുരുത്തി നമ്പ്യാതിരി നിർബന്ധിതനായി. ഇതോടെ 1925 നവംബറിൽ പ്രക്ഷോഭം അവസാനിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ അടിസ്ഥാനപ്രശ്‌നങ്ങൾക്കുവേണ്ടി പോരാടുന്ന ഏതുജനതയ്ക്കും ഏതുകാലത്തും വൈക്കം സത്യഗ്രഹം ഒരു വഴിവിളക്കാണ്. അതുകൊണ്ടു തന്നെ ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം എത്തിനിൽക്കുമ്പോൾ സമർപ്പിതവും ത്യാഗപൂർണ്ണവുമായ പങ്കാളിത്തത്താൽ സത്യഗ്രഹത്തിന് അമരത്വം വഹിച്ച സത്യഗ്രഹികളെയെല്ലാം ഈ ഘട്ടത്തിൽ ഓർമ്മിക്കാം.