വൈഭവ് ഷോ! ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍; സഞ്ജുവിന് നിരാശ

Jaihind News Bureau
Monday, March 30, 2026

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 12.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. 15 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കൗമാര താരം വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്‍ വിജയം എളുപ്പമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം മുതലേ പിഴച്ചു. മുന്‍ ടീമായ രാജസ്ഥാനെതിരെ ചെന്നൈ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ (6) രണ്ടാം ഓവറില്‍ തന്നെ നന്ദ്രെ ബര്‍ഗറിന് മുന്നില്‍ കീഴടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും (6), ഗോള്‍ഡന്‍ ഡക്കായി ആയുഷ് മാത്രയും പുറത്തായതോടെ ചെന്നൈ 19/3 എന്ന നിലയില്‍ തകര്‍ന്നു. പവര്‍പ്ലേ അവസാനിക്കും മുന്‍പേ മാത്യു ഷോര്‍ട്ടും (2) മടങ്ങി.

മധ്യനിരയില്‍ സര്‍ഫറാസ് ഖാനും (17) കാര്‍ത്തിക് ശര്‍മയും (18) അല്പനേരം പിടിച്ചുനിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തുകള്‍ക്ക് മുന്നില്‍ ചെന്നൈ പതറി. ഒരു ഘട്ടത്തില്‍ 9 വിക്കറ്റിന് 94 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ചെന്നൈയെ ജാമി ഓവര്‍ടോണിന്റെ (36 പന്തില്‍ 43) പോരാട്ടവീര്യമാണ് 127-ല്‍ എത്തിച്ചത്. രാജസ്ഥാനായി ബര്‍ഗര്‍, ആര്‍ച്ചര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ചെന്നൈ ബൗളര്‍മാരെ നിലംപരിശാക്കി. വെറും 17 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം 52 റണ്‍സെടുത്ത വൈഭവ് ഏഴാം ഓവറിലാണ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

യശസ്വി ജയ്സ്വാള്‍ (38*) പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ധ്രുവ് ജുറല്‍ (18), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (14*) എന്നിവരും വിജയത്തില്‍ പങ്കാളികളായി. ചെന്നൈയ്ക്കായി അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടി. പരിക്കേറ്റ എം.എസ്. ധോണിയുടെ അഭാവം ചെന്നൈയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു.