പിപിഇ കിറ്റ് അഴിമതിയിൽ അവ്യക്തമായ മറുപടി; പ്രതിപക്ഷ പരാതിയില്‍ വീണാ ജോർജിന് സ്പീക്കറുടെ താക്കീത്

Jaihind Webdesk
Tuesday, August 30, 2022

 

തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ നിയമസഭയിൽ അവ്യക്തമായ മറുപടി നൽകിയ വീണ ജോർജിന് സ്പീക്കറുടെ താക്കീത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എ.പി അനിൽ കുമാർ നൽകിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച് യുഡിഎഫ് എംഎൽഎമാരുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചു കളിക്കുകയായിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിൽ എ.പി അനില്‍കുമാർ, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, കെ. ബാബു, റോജി എം ജോണ്‍ എന്നിവർ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ മറുപടി തന്നെയാണ് വീണാ ജോര്‍ജ് നൽകിയിരിക്കുന്നത്. സഭയിൽ വാക്കാൽ മറുപടി നൽകുന്നതിന് വേണ്ടി ലിസ്റ്റ് ചെയ്തിട്ടുള്ള നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് പോലും സമാന മറുപടി നൽകിയത് സഭയോടുള്ള കടുത്ത അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എ.പി അനില്‍കുമാർ പരാതി നല്‍കിയത്. ഇത് ആവർത്തിക്കരുതെന്ന് വീണാ ജോർജിന് നിര്‍ദേശം നല്‍കിയ സ്പീക്കര്‍, അംഗങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ഉത്തരവിട്ടു.

 

എ.പി അനിൽകുമാർ സ്പീക്കർക്ക് നൽകിയ പരാതിയുടെ പൂർണ്ണരൂപം:

ബഹു സ്പീക്കർ,

പാർലമെന്‍ററി ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം കാണുന്നതിനും സർക്കാരിന് സഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട ഒരു നടപടിക്രമമാണ് ചോദ്യോത്തരവേള. ചോദ്യത്തരവേള ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട ചരിത്രമാണ് നമ്മുടെ നിയമസഭയുടെത്. ചോദ്യോത്തരവേളയുടെ പ്രാധാന്യം ഉയർത്തിപിടിക്കുന്നതിൽ അതാതു കാലത്തെ സ്പീക്കർമാർ സ്വീകരിച്ച നിലപാടുകൾ ഈ കാര്യത്തിൽ നിർണായകമായിട്ടുമുണ്ട്.

എന്നാൽ പതിനഞ്ചാം കേരള നിയമസഭയുടെ കാലത്ത് കഴിഞ്ഞ കുറച്ചു നാളായി ഒരു ചോദ്യത്തിലെ പല പിരിവുകളിൽ ഉന്നയിക്കുന്ന വ്യത്യസ്ത വിഷയങ്ങൾക്ക് ഒരേ ഉത്തരം നൽകി കൊണ്ട് വസ്തുതകൾ മറച്ചു വെയ്ക്കുവാനും ചോദ്യോത്തരവേളയുടെ പ്രസക്തി ഇല്ലാതാക്കാനും സർക്കാർ ബോധപൂർവം ശ്രമിക്കുന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിൽ KMSC യിലെ പർച്ചേസ് സംബന്ധിച്ച് ഞാനും ശ്രീ. അൻവർ സാദത്ത്, ശ്രീ. ഐ. സി ബാലകൃഷ്ണൻ, ശ്രീ കെ. ബാബു എന്നീ അംഗങ്ങളും ചേർന്നു നോട്ടീസ് നൽകിയ 22.2.22ലെ നക്ഷത്രചിഹ്നമിട്ട ചോദ്യം 20 ന്റെ ഡി, ഇ, എഫ് എന്നീ പിരിവുകളിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ മറുപടി തന്നെയാണ് നൽകിയിരിക്കുന്നത്. സഭയിൽ വാക്കാൽ മറുപടി നൽകുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുള്ള നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് പോലും ഇപ്രകാരമുള്ള ഒരു മറുപടി നൽകിയത് സഭയോടുള്ള കടുത്ത അവഹേളനമാണ്.

കൂടാതെ ഇൻകലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബഹു. അംഗങ്ങളായ ശ്രീ. എൽദോസ് പി കുന്നപിള്ളിൽ, ശ്രീ. ഐ. സി. ബാലകൃഷ്ണൻ എന്നിവർ ഉന്നയിച്ച 23.2.22 ലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം 545 (എ), 556 (എ ), (ബി ), (സി ), 558(എ ), (ബി ), (സി ), (ഡി ), 560 (എ ), (ബി ), (സി ), (ഡി ), (ഇ ), 562 (എ ), (ബി ), (സി ) എന്നീ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ മറുപടിയാണ് നൽകിയിരിക്കുന്നത്.
തെലങ്കാനയിൽ നടത്തിയ ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ സംബന്ധിച്ച് ശ്രീ. റോജി എം ജോൺ എം എൽ എ ഉന്നയിച്ച 23.2.22 ലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം 544 ന്റെ എ, ബി, സി, ഡി പിരിവുകളിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്കും ഒരേ മറുപടി തന്നെയാണ് നൽകിയിട്ടുള്ളത്. സമാനമായ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുവാൻ സാധിക്കുന്നതാണ്.

മേല്പറഞ്ഞ പ്രകാരം വ്യത്യസ്ത പിരിവുകൾക്ക് ഒരേ ഉത്തരം നൽകുമ്പോൾ പല പിരിവുകളിലും ഉന്നയിച്ചിട്ടുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി മനഃപൂർവം ഒഴിവാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ വിവരങ്ങൾ ലഭിക്കാനുള്ള അംഗങ്ങളുടെ അവകാശത്തെ സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

ആയതിനാൽ ചോദ്യങ്ങളിലെ എല്ലാ പിരിവുകൾക്കും വ്യക്തമായ ഉത്തരം ലഭ്യമാക്കി കൊണ്ട് ചോദ്യോത്തര വേളയുടെ പ്രസക്തി നിലനിർത്തുന്നതിനും അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ബഹു. സ്പീക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.