വടക്കാഞ്ചേരി നഗരസഭയ്ക്ക് കുരുക്കായി യുണിടാക്കിന്‍റെ പേരില്‍ വൈദ്യുതി കണക്ഷന് വേണ്ടി അടച്ച തുക

Jaihind News Bureau
Monday, September 28, 2020

 

തൃശൂർ : സി.ബി.ഐ റെയ്ഡിൽ വടക്കാഞ്ചേരി നഗരസഭയ്ക്ക് കുരുക്കാകുന്നത് വൈദ്യുതി കണക്ഷന് വേണ്ടി യുണിടാക്കിന്‍റെ പേരിൽ അടച്ച ബിൽ തുകയാണ്. സ്വകാര്യ കമ്പനിക്ക് വേണ്ടി ചട്ടങ്ങൾ മറികടന്ന് നടത്തിയ ഈ ഇടപാടിൽ നഗരസഭയ്ക്ക് വ്യക്തമായ വിശദീകരണമില്ല.

2019 ഒക്ടോബർ 19 ന് വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷ ശിവപ്രിയ സന്തോഷ് ലൈഫ് മിഷൻ സി.ഇ.ഒയ്ക്ക് എഴുതിയ കത്തില്‍ ലൈഫ് മിഷൻ സി.ഇ.ഒ ആവശ്യപ്പെട്ട പ്രകാരം രണ്ടു ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി നാനൂറ്റി പതിമൂന്ന് രൂപ കെ.എസ്.ഇ.ബി വടക്കാഞ്ചേരി സെക്ഷനിൽ അടച്ചതായി വ്യക്തമാക്കുന്നു. ഈ തുക തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. തുക നഗരസഭ അടക്കേണ്ടതാണെങ്കിൽ ആവശ്യമായ സർക്കാർ ഉത്തരവ് ഇറക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

ഇത്തരം ചിലവുകൾ നഗരസഭ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. വൈദ്യുതി കണക്ഷന് വേണ്ടി ഇത്രയും വലിയ തുക അടക്കാനുള്ള സാമ്പത്തിക പ്രയാസവും കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. അതായത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ സ്വകാര്യ കമ്പനിയായ യൂണിടാക്കിന് വേണ്ടി ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതാണ് നഗരസഭയ്ക്ക് കുരുക്കായിരിക്കുന്നത്. ഇതിനായി സി.പി.എം ഭരിക്കുന്ന നഗരസഭയ്ക്ക് മേൽ ഉന്നത തലത്തിൽ നിന്നും സമ്മർദ്ദം ചെലുത്തിയതാര് എന്നതാണ് പ്രധാന ചോദ്യം.