18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ : പ്രധാനമന്ത്രി വിളിച്ച യോഗം വൈകിട്ട്

Jaihind Webdesk
Tuesday, April 20, 2021

ന്യൂഡല്‍ഹി : പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മേയ് 1 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വാക്സിന്‍ നിർമാതാക്കളുമായി ചർച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴി വൈകിട്ട് ആറിനാണ് യോഗം. രാജ്യത്തെ ഡോക്ടര്‍മാരുമാരുമായും ആരോഗ്യ വിദഗ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായത്.

ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുള്ളതും അനുമതിക്കായി കാത്തുനില്‍ക്കുന്നതുമായ കമ്പനികളുടെ മേധാവികള്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഓക്‌സ്‌ഫഡ് സര്‍വകലാശാല വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെകിന്‍റെ കൊവാക്‌സിന്‍ എന്നീ രണ്ടു വാക്‌സിനുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. റഷ്യയില്‍ വികസിപ്പിച്ച സ്പുട്‌നിക്-വി ആണ് മൂന്നാമതായി അംഗീകാരം നല്‍കിയ വാക്‌സിന്‍. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കാനിടയുള്ള വാക്‌സിനുകള്‍.