സ്പുട്നിക് വി വാക്‌സിന്‍ ചലഞ്ചുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Jaihind Webdesk
Wednesday, June 30, 2021

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലയിലെ വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലാളികൾക്കുമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ വാക്സിൻ എന്ന് അവകാശപ്പെടുന്ന റഷ്യൻ നിർമിത സ്പുഡ്‌നിക് വി വാക്സിൻ ഇന്ന് (30.06.2021) മുതല്‍ ആദ്യം രജിസ്റ്റർ ചെയ്ത സംഘടനയുടെ അങ്കമാലി മേഖലയിൽ നിന്നുമുള്ള 500 പേർക്ക് നല്‍കികൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു . പുതുതായി രൂപമാറ്റം വന്ന ഡെൽറ്റ പ്ലസ് വകഭേദത്തിനു എതിരെ പോലും മികച്ച രീതിയിൽ പ്രതിരോധം ലഭിക്കുന്ന പാർശ്വ ഫലങ്ങൾ തീരെ കുറഞ്ഞ വാക്സിനും കൂടിയാണ് സ്പുട്നിക് വി.

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക് 92 – 97% വരെ പ്രതിരോധ ശേഷി ലഭിക്കും എന്ന് തെളിഞ്ഞിട്ടുള്ളതാണ് . പൊതുജനവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപഴകുന്ന ചെറുകിട വ്യാപാരികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്ന നിരന്തരമായ ആവശ്യത്തിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ സംഘടന സ്വന്തം നിലയ്ക്ക് വാക്‌സിന്‍ ചലഞ്ച് സംഘടിപ്പിക്കുകയായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേര്‍ന്ന് ഉണ്ടാക്കിയ ധാരണപ്രകാരം രണ്ട് ഡോസ് സ്പുഡ്‌നിക് വി വാക്‌സിന് 2290 രുപയാണ് സംഘടന ഈടാക്കുന്നത്. ജൂലൈ 12-ന് അകം രജിസ്റ്റര്‍ ചെയ്ത 2000 പേര്‍ക്കും വാക്‌സിന്‍ നല്‍കത്തക്കവിധമാണ് ക്രമീകരണങ്ങള്‍. ആദ്യ ഡോസ് സ്വീകരിച്ച് 22-ാമത്തെ ദിവസം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.

കെവിവിഇഎസ്  ജില്ലാ പ്രസിഡണ്ട് ശ്രീ. പി സി ജേക്കബിന്റെ അധ്യക്ഷതയിൽ എറണാകുളം MP ശ്രീ. ഹൈബി ഈഡൻ വാക്‌സിൻ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു . അങ്കമാലി എംഎല്‍എ ശ്രീ. റോജി എം ജോൺ മുഘ്യ അതിഥിയായി പങ്കെടുത്തു. കേരളത്തിലെ ആദ്യത്തേതും ഏറ്റവും വിപുലവുമായ സ്പുഡ്‌നിക് വി വാക്‌സിന്‍ ക്യാമ്പയിനാണ് കെ.വി.വി.ഇ.എസ് നടത്തിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, വാക്സിൻ കോർഡിനേറ്റർ ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫന്‍, അങ്കമാലി മേഖലാ പ്രസിഡന്റ് ജോജി പീറ്റര്‍, അങ്കമാലി മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍.വി.പോളച്ചന്‍, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.