എല്ലാ ഇന്ത്യക്കാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നു ; കൊവിഡ് വാക്‌സിന്‍ പ്രായപൂർത്തിയായ എല്ലാവർക്കും ലഭ്യമാക്കണം ; രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, April 7, 2021

ന്യൂഡല്‍ഹി :  കൊവിഡ് വാക്‌സിന്‍ പ്രായപൂർത്തിയായ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി.  എല്ലാ പ്രായക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആഗ്രഹിക്കുന്നവര്‍ക്കല്ല, പകരം അത്യാവശ്യം വേണ്ടവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ആവശ്യത്തെയും ആഗ്രഹത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ പരിഹാസ്യമാണ്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണ്”, എന്നായിരുന്നു ഇതിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.