സംസ്ഥാനത്ത് വാക്സിനേഷന്‍ വേഗത്തിലാക്കണം; കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധരുടെ യോഗം

Jaihind Webdesk
Thursday, September 2, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് വിദഗ്ധർ. രാത്രി കർഫ്യൂ ഒഴിവാക്കാമെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിർദേശം നൽകി. വാക്‌സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുനിർദേശം. ആൾക്കൂട്ടം ഒഴിവാക്കാനുള്ള ക്രമീകരണത്തോടെ പരമാവധി മേഖലകൾ തുറക്കാമെന്നും വിദഗ്ധർ നിർദ്ദേശിച്ചു.

ടിപിആർ, ലോക്ക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്ക്ക് പിന്നാലെ സമയവും അധ്വാനവും പാഴാക്കേണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് ശ്രദ്ധ നൽകേണ്ടത്. വാക്‌സിനേഷൻ വേഗത ഉയർത്തിയാൽ ഇത് സാധ്യമാകും. ചികിത്സാ സംവിധാനങ്ങൾ നിറഞ്ഞുകവിയുന്ന ഘട്ടത്തിൽ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ആലോചിക്കാം. പിന്നീട് സർക്കാർ ഈ വിദഗ്ദരുമായി പ്രത്യേകം ചർച്ച നടത്തിയാകും പുതിയ തീരുമാനങ്ങളിലെത്തുക.

പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണ് ചർച്ചയിലെ പൊതു നിർദേശമെന്നിരിക്കെ ഇവ നടപ്പാക്കുന്നതും കരുതലോടെയാകും. ഇതിനിടയിലാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്‌സിനേഷൻ വേഗം കൂട്ടാൻ കേന്ദ്രം തമിഴ്‌നാടിനും കർണാടകയ്ക്കും നിർദേശം നൽകിയത്. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വ്യാപനം തടയാൻ നടപടി ശക്തമാക്കണമെന്നും നിർദേശമുണ്ട്.